വിലക്ക് നീക്കണം; ഷാക്കിബിനായി തെരുവിൽ മനുഷ്യച്ചങ്ങല തീർത്ത് ആരാധകർ

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് ടെസ്റ്റ് നായകൻ ഷാക്കിബ് അൽ ഹസന് ഐസിസി വിലക്ക് ഏർപ്പെടുത്തിയത്. ഇതിനു പിന്നാലെ ഐസിസിയുടെ പേജിൽ ബംഗ്ലാദേശ് ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധത്തിൻ്റെ തീവ്രത ബംഗ്ലാദേശ് ആരാധകർ വർധിപ്പിച്ചിരിക്കുകയാണ്.

വിലക്ക് നീക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ആരാധകർ തെരുവിൽ അണിനിരന്നിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ധാക്കയിലും ഷാക്കിബിൻ്റെ നാടായ മഗുറയിലുമായിരുന്നു ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നത്. മഗുറയിൽ ഷാക്കിബിനു പിന്തുണ നൽകിയ ആരാധകർ മനുഷ്യച്ചങ്ങല തീർത്തു.

ഷാക്കിബിനു പിന്തുണയർപ്പിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും രംഗത്തെത്തി. രാജ്യം ഷാക്കിബിനൊപ്പം ഉറച്ചു നിൽക്കുമെന്ന് ഹസീന പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഷാക്കിബിനു പിന്തുണ അറിയിച്ചു.

ഒരു വർഷത്തേക്കാണ് ഐസിസി ഷാക്കിബിനെ വിലക്കിയത്. വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top