Advertisement

മുംബൈയിൽ ഗോൾ മഴ; ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഒഡീഷക്ക് ജയം

October 31, 2019
Google News 1 minute Read

ആറു ഗോളുകൾ പിറന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഒഡീഷ എഫ്സിക്ക് ഉജ്ജ്വല ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷ സീസണിലെ ആദ്യ വിജയം കുറിച്ചത്. അഡ്രിയാൻ സൻ്റാന ഒഡീഷയ്ക്കായി ഇരട്ട ഗോളുകൾ നേടി. സിസ്കോ ഹെർണാണ്ടസ്, ജെറി എന്നിവരാണ് മറ്റു സ്കോറർമാർ. മുഹമ്മദ് ലർബി, പകരക്കാരനായി ഇറങ്ങിയ ബിപിൻ സിംഗ് എന്നിവരാണ് മുംബൈക്കായി ഗോൾ നേടിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിഗംഭീരമായിരുന്നു ഒഡീഷയുടെ കളി. ഒരു ടീം എന്ന നിലയിൽ വളരെ ഒത്തിണക്കം കാണിച്ച ഒഡീഷ തുടക്കം മുതൽ തന്നെ മുംബൈ ഗോൾ പോസ്റ്റിലേക്ക് ഇരച്ചു കയറി. ജെറി, സിസ്കോ ഹെർണാണ്ടസ്, അഡ്രിയാൻ സൻ്റാന എന്നിവർ ചേർന്ന് മുംബൈ പ്രതിരോധ നിരയെ വിറപ്പിച്ചു നിർത്തി. ആറാം മിനിട്ടിൽ തന്നെ സിസ്കോ ഒഡീഷയെ മുന്നിലെത്തിച്ചു. ഒരു ത്രോ ഇനിൽ നിന്ന് അഡ്രിയാൻ സൻ്റാന നൽകിയ അസിസ്റ്റ് സിസ്കോ ഉജ്ജ്വലമായി വലയിലെത്തിച്ചു. തിരിച്ചടിക്കാൻ മുംബൈ കടുത്ത ശ്രമം നടത്തിയെങ്കിലും ഒഡീഷ ആക്രമണ നിര അതിനുള്ള ഇട നൽകിയില്ല. ആക്രമണം തുടർന്ന ഒഡീഷ തുടർച്ചയായി മുംബൈ ഗോൾ മുഖത്ത് അപകടം വിതച്ചു കൊണ്ടിരുന്നു. 21ആം മിനിട്ടിൽ അഡ്രിയാൻ സൻ്റാനയിലൂടെ ഒഡീഷ ലീഡ് അധികരിപ്പിച്ചു. ശുഭം സാരംഗിയുടെ ത്രൂ ബോളിൽ നിന്ന് ജെറി നൽകിയ ക്രോസ് സൻ്റാന ബോക്സിനു പുറത്തു നിന്ന് ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗംഭീരമായി ഫിനിഷ് ചെയ്തു. വീണ്ടും ഒഡീഷയുടെ ആധിപത്യം തന്നെയായിരുന്നു കളിയിൽ കണ്ടത്. ഇടക്കിടെ മുംബൈ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ ഒഡീഷയുടെ പ്രതിരോധ മതിലിൽ തട്ടി തകർന്നു. 41ആം മിനിട്ടിൽ ഒഡീഷ ലീഡ് മൂന്നാക്കി ഉയർത്തി. ശുഭം സാരംഗി നൽകിയ ക്രോസിൽ നിന്ന് നന്ദകുമാർ ശേഖർ തൊടുത്ത ഷോട്ട് ഗോൾ കീപ്പർ അമരീന്ദർ തട്ടിയകറ്റി. പക്ഷേ, പന്ത് വീണത് ജെറിയുടെ കാൽച്ചുവട്ടിലാണ്. അത് അദ്ദേഹം അനായാസം ഫിനിഷ് ചെയ്തു. ആദ്യ പകുതിൽ മൂന്ന് ഗോൾ ലീഡൊടെയാണ് കളി അവസാനിച്ചത്.

രണ്ടാം പകുതിയുടെ 51ആം മിനിട്ടിൽ മുംബൈ തിരിച്ചടിച്ചു. സെർജ് കെവിനെ ഒഡീഷ ഗോളി ഫ്രാൻസിസ്കോ ഡൊറോൻസോറോ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽട്ടി സ്പോട്ടിലേക്ക് കൈചൂണ്ടി. കിക്കെടുത്ത മുഹമ്മദ് ലർബിക്ക് പിഴച്ചില്ല. ഈ ഗോളോടെ ആദ്യമായി മുംബൈ കളിയിലേക്ക് തിരികെ വരുന്നു എന്ന സൂചന ലഭിച്ചു. ലീഡ് സംരക്ഷിച്ച് കളി തീർക്കാൻ ഒഡീഷ ശ്രമിക്കവേ മുംബൈ ആക്രമിക്കാൻ തുടങ്ങി. പക്ഷേ, വീണ്ടും ഗോളടിച്ചത് ഒഡീഷയാണ്. ആ ഗോളിനു പിന്നിലും ജെറി ആയിരുന്നു. വിങ്ങിൽ നിന്ന് ജെറി തൊടുത്ത ക്രോസിൽ തല വെക്കുക എന ചുമതല മാത്രമേ സൻ്റാനക്ക് ഉണ്ടായിരുന്നുള്ളൂ. അത് അനായാസം അദ്ദേഹം ചെയ്തതോടെ ഒഡീഷ ജയം ഉറപ്പിച്ചു. സൻ്റാനക്ക് മത്സരത്തിലെ രണ്ടാം ഗോൾ. തളരാതെ മുംബൈ ആക്രമണം നടത്തിയെങ്കിലും ഗോൾ അകന്നു നിന്നു. മുംബൈ ആക്രമണങ്ങളുടെ മുനയൊടിച്ച ഒഡീഷ രണ്ടാം പകുതിയുടെ അധിക സമയത്തിൻ്റെ അവസാന മിനിട്ട് വരെ പിടിച്ചു നിന്നു. 95ആം മിനിട്ടിൽ മുംബൈ രണ്ടാം ഗോളലടിച്ചു. ബിപിൻ സിംഗായിരുന്നു സ്കോറർ. ബിപിൻ സിംഗ് ലെഫ്റ്റ് വിങിൽ നിന്ന് തൊടുത്ത ഷോട്ട് കൈപ്പിടിയിലൊതുക്കാൻ ഡൊറോൻസോറോക്ക് സാധിച്ചില്ല. പന്ത് ഗോൾ വര കടന്നു. സ്കോർ 2-4.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here