മാവോയിസ്റ്റുകളുടെ കൊലപ്പെടുത്തിയത് വാളയാർ കേസിൽ നിന്നു ജനശ്രദ്ധ തിരിക്കാനെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വാളയാർ കേസിൽ നിന്നു ജനശ്രദ്ധ തിരിക്കാനെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. കൊലപാതകം പൊലീസ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും പിന്നിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കുബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം താൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നുവെന്നും ഏറ്റുമുട്ടൽ നടന്നതിന്റെ ഒരു ലക്ഷണവും അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വികെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. പൊലീസും സർക്കാരും ഊതിപ്പെരുപ്പിച്ച ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ നടന്നതിൻ്റെ ലക്ഷണങ്ങൾ അവിടെയില്ല. ചർച്ചയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നു വേണം കരുതാൻ.- അദ്ദേഹം പറഞ്ഞു.
ആറുമാസമായി മാവോവാദികൾ തങ്ങിയിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് ഇല്ലായിരുന്നു. അവിടെ ഒന്നോ രണ്ടോ ദിവസം മുൻപ് വെട്ടിയെടുത്ത നാല് മുളങ്കമ്പുകൾ നാട്ടിയിട്ടുണ്ട്. ഒരു ടാർപ്പാളിൻ്റെ കഷണവും അവിടെ ഉണ്ടായിരുന്നു.- ശ്രീകണ്ഠൻ പറഞ്ഞു.
വാളയാർ സംഭവത്തിൽ വ്യാപക പ്രതിഷേധവും ജനരോഷവും ഉയരുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് പോലീസ് പുതിയ തിരക്കഥ നടപ്പാക്കിയത്. സംസ്ഥാന പോലീസ് മേധാവിയുടെ മുൻകാല ചരിത്രം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here