‘അഹങ്കാരിയായി ജനിച്ചു, ഒരു വൻ ദുരന്തം’; അനിൽ രാധാകൃഷ്ണൻ മേനോന്റെ വിക്കിപീഡിയ പേജിലും പണികിട്ടി !

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ്. അതിനിടെ സംവിധായകന്റെ വിക്കിപീഡിയ പേജിലും പ്രതിഷേധക്കാർ ‘പണി’ നൽകി. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനിൽ രാധാകൃഷ്ണൻ മേനോന്റെ വിക്കിപീഡിയ പേജിലെ വ്യക്തി ജീവിതം എന്ന ടാബിന് കീഴിലെ വിവരങ്ങൾ തിരുത്തിയായിരുന്നു പ്രതിഷേധം.

‘അഹങ്കാരിയായി ജനിച്ചു. കുറച്ച് മൂവി കിട്ടിയപ്പോൾ തനി ജാതി ചിന്ത പൊങ്ങി വന്നു. പാവങ്ങളെ പുച്ഛമായി. അഹങ്കാരമെന്ന് പറഞ്ഞാൽ അത് അനിൽ രാധാകൃഷ്ണനാണ്. പാവങ്ങളെ പുച്ഛമാണ്. ഒരു വൻ ദുരന്തമാണ്. നാണംകെട്ട അനിലിന് ഫേസ്ബുക്ക് ആന്റ് ഓൾ സോഷ്യൽ മീഡിയയിൽ പൊങ്കാല കിട്ടുന്നുണ്ട്. ബിനീഷ് എന്ന ആക്ടറിനെ പുച്ഛമാണ്.’- ഇങ്ങനെ നീളുന്നു വിവരണം.

എന്നാൽ അൽപ്പ സമയത്തിന് ശേഷം തന്നെ പേജ് തിരുത്തി കൂട്ടിച്ചേർത്തവയെല്ലാം മാറ്റി പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

ഇന്നലെയാണ് നടൻ ബിനീഷ് ബാസ്റ്റിൻ-അനിൽ രാധാകൃഷ്ണൻ വിവാദം ഉടലെടുക്കുന്നത്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ കോളജ് ഡേയിൽ മുഖ്യാതിഥിയായി ബിനീഷ് ബാസ്റ്റിനെയും മാഗസിൻ പ്രകാശനത്തിനായി അനിൽ രാധാകൃഷ്ണൻ മേനോനെയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബിനീഷിനെ തടയാൻ പ്രിൻസിപ്പൽ അടക്കമുള്ളവർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇവരെയെല്ലാം തട്ടിമാറ്റി ബിനീഷ് സ്റ്റേജിലേക്ക് പോകുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും ബിനീഷ് അത് വകവച്ചില്ല. വേദിയിൽ നിന്ന് ഇറങ്ങാൻ പലരും പറഞ്ഞുവെങ്കിലും ബിനീഷ് പ്രതിഷേധം തുടരുകയായിരുന്നു. ഈ സമയത്തെല്ലാം അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിൽക്കുകയായിരുന്നു. കോളജ് യൂണിയൻ ഭാരവാഹികളും അധ്യാപകരും ബിനീഷിനടുത്തെത്തി കസേരയിൽ ഇരിക്കാൻ പറഞ്ഞുവെങ്കിലും ബിനീഷ് കൂട്ടാക്കിയില്ല.

Read Also : ‘ഞാൻ മേനോനല്ല, സാധാരണ ടൈൽസ് പണിക്കാരനാണ്’; തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ അനിൽ രാധാകൃഷ്ണൻ മേനോനെതിരെ നടൻ ബിനീഷ് ബാസ്റ്റിൻ

തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. സാധാരണക്കാരനായ താൻ പങ്കെടുക്കുന്ന ചടങ്ങിൽ സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളജ് ചെയർമാൻ തന്നോട് വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാതെ തരമില്ലെന്ന് തീരുമാനിക്കേണ്ടി വന്നു.

‘ഞാൻ മേനോനല്ല. നാഷണൽ അവാർഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയിൽ തുറന്ന് വായച്ചു.

‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’ഇത് വായിക്കുമ്പോൾ ബിനീഷിന്റെ തൊണ്ട ഇടറുകയായിരുന്നു. ശേഷം നന്ദി പറഞ്ഞും പരിപാടി ഗംഭീരമാകട്ടെയെന്ന് ആശംസിച്ചും ബിനീഷ് വേദിവിട്ട് ഇറങ്ങി.

ബിനീഷിന്റെ പ്രതിഷേധത്തിനിടയിൽ അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സാധാരണഗതിയിൽ ഒരു സംവിധായകൻ നടന്മാരോട് കാണിക്കേണ്ട സമീപനത്തിനപ്പുറം ഈ ഒരു സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും കാണുന്നത്. ഈ സംഭവത്തിന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളാണ് ട്വന്റിഫോർ പുറത്ത് വിടുന്നത്. സാംസ്‌കാരിക കേരളം ഈ വിഷയം സഗൗരവം ചർച്ച ചെയ്യണമെന്നാണ് ദൃശ്യങ്ങൾ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top