‘ഞാൻ മേനോനല്ല, സാധാരണ ടൈൽസ് പണിക്കാരനാണ്’; തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ അനിൽ രാധാകൃഷ്ണൻ മേനോനെതിരെ നടൻ ബിനീഷ് ബാസ്റ്റിൻ

നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയിൽ പങ്കെടുക്കില്ലെന്ന് ദേശീയ അവാർഡ് ജേതാവ് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. ഇതിന് പിന്നാലെ വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിൻ പ്രതിഷേധിച്ചു. പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജിലാണ് സംഭവം.

ഇന്ന് പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജിൽ നടന്ന കോളജ് ഡേയിൽ നടൻ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചിരുന്നത്. മാഗസിൻ റിലീസിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

ബിനീഷിനെ തടയാൻ പ്രിൻസിപ്പൽ അടക്കമുള്ളവർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇവരെയെല്ലാം തട്ടിമാറ്റി ബിനീഷ് സ്റ്റേജിലേക്ക് പോകുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും ബിനീഷ് അത് വകവച്ചില്ല. വേദിയിൽ നിന്ന് ഇറങ്ങാൻ പലരും പറഞ്ഞുവെങ്കിലും ബിനീഷ് പ്രതിഷേധം തുടരുകയായിരുന്നു. ഈ സമയത്തെല്ലാം അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിൽക്കുകയായിരുന്നു. കോളജ് യൂണിയൻ ഭാരവാഹികളും അധ്യാപകരും ബിനീഷിനടുത്തെത്തി കസേരയിൽ ഇരിക്കാൻ പറഞ്ഞുവെങ്കിലും ബിനീഷ് കൂട്ടാക്കിയില്ല.

തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. സാധാരണക്കാരനായ താൻ പങ്കെടുക്കുന്ന ചടങ്ങിൽ സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതായി കോളജ് ചെയർമാൻ തന്നോട് വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാതെ തരമില്ലെന്ന് തീരുമാനിക്കേണ്ടി വന്നു.

‘ഞാൻ മേനോനല്ല.  നാഷണൽ അവാർഡ് ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’ ബിനീഷ് പറയുന്നു. വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തനിക്ക് പറയാനുള്ളത് എഴുതിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ബിനീഷ് ആ കുറിപ്പ് വേദിയിൽ തുറന്ന് വായച്ചു.

Read Also : ട്വന്റിഫോറിന്റെ ചര്‍ച്ചാവേദി സ്വാഗതാര്‍ഹം; നവകേരള നിര്‍മാണം എല്ലാവരും ചേര്‍ന്ന് നടത്തുന്നത്; മുഖ്യമന്ത്രി

‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്’-ഇത് വായിക്കുമ്പോൾ ബിനീഷിന്റെ തൊണ്ട ഇടറുകയായിരുന്നു. ശേഷം നന്ദി പറഞ്ഞും പരിപാടി ഗംഭീരമാകട്ടെയെന്ന് ആശംസിച്ചും ബിനീഷ് വേദിവിട്ട് ഇറങ്ങി.

ബിനീഷിന്റെ പ്രതിഷേധത്തിനിടയിൽ അനിൽ രാധാകൃഷ്ണൻ മേനോൻ പോഡിയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സാധാരണഗതിയിൽ ഒരു സംവിധായകൻ നടന്മാരോട് കാണിക്കേണ്ട സമീപനത്തിനപ്പുറം ഈ ഒരു സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും കാണുന്നത്. ഈ സംഭവത്തിന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളാണ്‌ ട്വന്റിഫോർ പുറത്ത് വിടുന്നത്. സാംസ്‌കാരിക കേരളം ഈ വിഷയം സഗൗരവം ചർച്ച ചെയ്യണമെന്നാണ് ദൃശ്യങ്ങൾ പറയുന്നത്.

വീഡിയോ കാണാം :

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top