അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാവ് രമയ്ക്ക് വെടിയേറ്റത് ഭക്ഷണം കഴിക്കുമ്പോൾ; ശരീരത്തിൽ കണ്ടെത്തിയത് അഞ്ച് വെടിയുണ്ടകൾ

അട്ടപ്പാടിയിൽ മാവോയിസ്റ്റ് നേതാക്കൾക്ക് നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മാവോയിസ്റ്റ് നേതാവ് രമയ്
ക്ക് വെടിയേറ്റത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രമയുടെ ആമാശയത്തിൽ ഭക്ഷണാവശിഷ്ടം ഉണ്ടായിരുന്നു. ദഹിക്കാൻ വേണ്ട സമയത്തിന് മുമ്പേ വെടിയേറ്റിട്ടുണ്ടാകാം. രമയുടെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരിച്ച മണിവാസകത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. വീഴ്ചയുടെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടായിരുന്നില്ല. കാലുകൾ എങ്ങനെ ഒടിഞ്ഞു എന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല. മണിവാസകത്തിന് ഒഴികെ ബാക്കി മൂന്ന് പേർക്കും അധികവും വെടിയേറ്റത് ശരീരത്തിന്റെ പിൻഭാഗത്തായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. നാല് പേരും മരിച്ചത് വെടിയേറ്റാണെന്നാണ് ഡോക്ടർമാർ നൽകിയ വിവരം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം പൊലീസിന് കൈമാറിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here