കോടതി വിധി പി ജെ ജോസഫിന് എതിരെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് എം ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള കോടതി വിധി പി ജെ ജോസഫിനെതിരെന്ന് ജോസ് കെ മാണി. കോടതി വിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണ്. ജോസഫ് നുണ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിനെ കേരള കോൺഗ്രസ് ജെ ആക്കാൻ അനുവദിക്കില്ല. വർക്കിംഗ് ചെയർമാന് ചെയർമാന്റെ അധികാരം ഇല്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. ഇത് ജോസഫിന് കനത്ത തിരിച്ചടിയാണ്. ജോസഫിന് ചെയർമാന്റെ അധികാരത്തിലുള്ള തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് ഇതിലൂടെ വ്യക്തമാണെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിലെ അധികാര തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി നൽകി കട്ടപ്പന സബ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ചെയർമാന്റെ അധികാരം തടഞ്ഞ മുൻസിഫ് കോടതി വിധി, സബ് കോടതി ശരിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജൂണിൽ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം ഇടുക്കി കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top