കൂടത്തായി കൊലപാതകം; ജോളിയുടെ രണ്ട് മക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൂടാതെ ജോളിയുടെ രണ്ട് മക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.
കൂടത്തായി ആൽഫൈൻ വധക്കേസിൽ പ്രതി ജോളിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് സിലി സെബാസ്റ്റ്യൻ യാത്ര ചെയ്ത ജോളിയുടെ ആദ്യത്തെ കാർ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് വരെ സിലി യാത്ര ചെയ്തതും സയനൈഡ് ഉള്ളിൽ ചെന്ന് കുഴഞ്ഞു വീണ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഈ കാറിലാണ്.
യാത്രക്കിടെ സിലി കാറിൽ ഛർദിച്ചിരുന്നതിനാൽ അതിന്റെ അംശം കണ്ടെത്തുന്നതിന് കോടതി അനുമതിയോടെ ഫോറൻസിക് വിഭാഗം വിശദമായി പരിശോധിക്കും. മാത്യുവിനെ മൂന്നു ദിവസത്തേക്കും ജോളിയെ നാല് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here