മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 166 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.സംസ്ഥാനത്ത് ജാഗ്രത നിർദേശം.  മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ കാറ്റോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ലക്ഷദ്വീപിലും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഹാ കേരള തീരത്ത് നിന്ന് അകലുകയാണ്. ചുഴലിക്കാറ്റ് ഇപ്പോൾ ലക്ഷദ്വീപ് ഭാഗത്ത് നിന്ന് അകലെയാണ്. ഇത് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാലാം തീയതിയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ എത്തും. കേരളം മഹായുടെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം സംസ്ഥാനത്ത് ശക്തമായ കാറ്റും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ഉണ്ടാകും.

Read Also : ‘മഹാ’ ചുഴലിക്കാറ്റ്; കൂടുതല്‍ നാശനഷ്ടം ലക്ഷദ്വീപില്‍; ചിത്രങ്ങള്‍

വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ലക്ഷദ്വീപിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരികെ വിളിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top