പെടേനയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂർ പെടേനയിലെ നാല് ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളെ പേടിച്ച് ഒരു സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പഠനം നിർത്തിയതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. സ്ഥലം സന്ദർശിച്ച തളിപ്പറമ്പ് സബ് കളക്ടർ, പ്രശ്‌നം ഗൗരവമേറിയതാണെന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ക്വാറികളുടെ പ്രവർത്തനം നിർത്താൻ കളക്ടർ ഉത്തരവിട്ടത്. പ്രദേശത്തെ ക്വാറികളുടെ പ്രവർത്തനം കാരണം പെടേന ഗവൺമെന്റ് എൽപി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പഠനം നിർത്തിയ വാർത്ത ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.
ക്വാറിയിൽ അനുവദീനയമായതിൽ കൂടുതൽ ഖനനം നടക്കുന്നതായും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. മാത്രമല്ല, വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് കുട്ടികൾക്ക് തുടർ പഠനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.
പെടേന ഗവൺമെന്റ് എൽപി സ്‌കൂളിന്റെ അര കിലോമീറ്റർ പരിധിയിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ ക്വാറികൾ കാരണം അപകടാവസ്ഥയിലായ സ്‌കൂളിലെ അൻപത്തിയഞ്ച് വിദ്യാർത്ഥികളും പഠനം അവസാനിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here