കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ട്വൻ്റിഫോർ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ.

‘മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്.’- അമ്മ പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികള്‍ക്കു നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെപ്പറ്റിയും അവർ പ്രതികരിച്ചു. സമരപന്തലിൽ പോയിരുന്നാൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതേ സമയം സമരം ചെയ്യുന്നവരെ എതിർക്കുന്നില്ലെന്നുമായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം.

ഉടൻ തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കെ പി എം എസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാകുമെന്നും അമ്മ ട്വൻ്റിഫോറിനോട് വെളിപ്പെടുത്തി.

കേരളം കാമഭ്രാന്താലയമായെന്നായിരുന്നു ബിജെപി ഉപവാസത്തിനിടെ കുമ്മനത്തിന്റെ പ്രതികരണം. ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുനു. ഇതിനെതിരെയാണ് അമ്മ രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top