രഹനേഷും സഹലും രാഹുലും ആദ്യ ഇലവനിൽ; അഞ്ച് മലയാളി താരങ്ങളുമായി ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ശക്തമായ ടീം. മലയാളികളായ സഹൽ അബ്ദുൽ സമദ്, ടിപി രഹനേഷ്, രാഹുൽ കെപി എന്നിവർ ആദ്യ ഇലവനിൽ കളിക്കും. കഴിഞ്ഞ മത്സരങ്ങളിൽ ഈ മൂന്നു പേരും ആദ്യ ഇലവനിൽ കളിച്ചിരുന്നില്ല. ഹാലിചരൻ നർസാരി, ജീക്സൺ സിംഗ്, ബിലാൽ ഖാൻ എന്നിവരാണ് മലയാളി താരങ്ങൾക്കു വേണ്ടി മാറിയത്.

4-2-3-1 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഓഗ്ബച്ചെ ആക്രമണം നയിക്കും. മധ്യനിരയിലെ കളി മെനയലിന് സഹൽ നേതൃത്വം നൽകുമ്പോൾ ഇരു വശങ്ങളിലായി രാഹുൽ കെപിയും പ്രശാന്തും അണിനിരക്കും. സെർജിയോ സിഡോഞ്ചയും മുഹമദ് നിങും ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ റോളിലാണ്. ജെസ്സൽ കാർനീറോ, ജെയ്റോ റോഡ്രിഗസ്, ജിയാനി സൂയിവെർലൂൺ, മുഹമ്മദ് റാക്കിപ് എന്നിവരാണ് പ്രതിരോധത്തിൽ. ടിപി രഹനേഷ് ഗോൾ വല കാക്കും. ബെഞ്ചിൽ മുഹമ്മദ് റാഫിയുമുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായി തരക്കേടില്ലാത്ത റിസൽട്ട് ക്ലബിനുണ്ടെങ്കിലും ശരാശരി മാത്രമായ കളിശൈലി മെച്ചപ്പെടുത്തുക എന്നതാവും പരിശീലകൻ എൽകോ ഷറ്റോരിയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ നിന്ന് നാലു മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുക. 3-4-1-2 എന്ന ആക്രമണത്തിനു പ്രാധാന്യം നൽകുന്ന ഫോർമേഷനിലാണ് ഹൈദരാബാദ് ഇന്ന് കളിക്കുക. ആസിഷ് റായ്, സഹിൽ പൻവാർ, റാഫേൽ ലോപസ് ഗോമസ്, ഗൈൽസ് ബാൺസ് എന്നിവർ ഈ മത്സരത്തിൽ ഫസ്റ്റ് ഇലവനിലില്ല. റോബിൻ സിംഗ്, അഭിഷേക് ഹാൾഡർ, മാഴ്സലീഞ്ഞോ എന്നിവരാണ് ഹൈദരാബാദ് ആക്രമണം നയിക്കുക. രോഹിത് കുമാർ, മാർക്കോ സ്റ്റാങ്കോവിച്, നിഖിൽ പൂജാരി, ശങ്കർ എന്നിവരാണ് മധ്യനിരയിൽ. ഗുർതേജ് സിംഗ്, മാത്യു കിൽഗല്ലൺ, മൊഹമ്മദ് യാസിർ എന്നിവരാണ് പ്രതിരോധക്കോട്ട കാക്കുക. കമൽജിത് സിംഗ് ക്രോസ് ബാറിനു കീഴിൽ അണിനിരക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു എന്ന് മാത്രമല്ല, ഹൈദരാബാദ് ആകെ വഴങ്ങിയ ഗോൾ എട്ടെണ്ണമാണ്. ഒരേ ഒരു ഗോളാണ് അവർക്ക് അടിക്കാൻ സാധിച്ചത്. സ്വതേ ദുർബലമായ ഡിഫൻസിൽ ഒരാൾ കൂടി കുറഞ്ഞത് തിരിച്ചടിയാകുമോ എന്നാണ് അറിയാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top