അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഐഎസ്

അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്. ശബ്ദ സന്ദേശത്തിലൂടെയാണ് അൽ ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിച്ചത്. പുതിയ നേതാവായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായും ഐഎസ് വ്യക്തമാക്കി.
‘പലവട്ടം കൊല്ലപ്പെട്ടെന്ന് വാർത്ത വന്ന തങ്ങളുടെ തലവന്റെ മരണം ആദ്യമായി സ്ഥിരീകരിക്കുന്നു’…ടെലിഗ്രാമിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിലൂടെ ഐഎസ് വ്യക്തമാക്കി. പുതിയ തലവനായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ, പുതിയ നേതാവിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ ഐഎസ് തയാറായിട്ടില്ല. ഹാഷിമി മുതിർന്ന ജിഹാദി പോരാളിയാണെന്നും അമേരിക്കയ്ക്കെതിരെ മുൻപ് പോരാടിയിട്ടുണ്ടെന്നും മാത്രമാണ് ഐഎസ് വ്യക്തമാക്കിയത്.
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിനു നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ടിരുന്നു. സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് കടന്ന സൈന്യം നേരിയ ഏറ്റുമുട്ടലിലൂടെയാണ് ബാഗ്ദാദിയെ പരാജയപ്പെടുത്തിയത്. എന്നാൽ പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here