പാർട്ടിയിൽ പൂർണ അധികാരം പി ജെ ജോസഫിന്; ജോസ് കെ മാണിയെ ചെയർമാനാക്കിയതിനെ വിമർശിച്ച് കോടതി; വിധി പകർപ്പ് പുറത്ത്

കേരള കോൺഗ്രസ് അധികാര തർക്കത്തിൽ ജോസഫ് വിഭാഗത്തിന് അനുകൂലമായ കോടതി വിധിയുടെ പകർപ്പ് പുറത്ത്. കട്ടപ്പന കോടതിയിൽ ജോസ് പക്ഷത്തിനുണ്ടായത് കനത്ത തിരിച്ചടിയാണെന്ന് വിധി പകർപ്പിൽ വ്യക്തമാകുന്നു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിയെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

സമാന്തര സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തത് കെ ഐ ആന്റണി എന്ന അംഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാന കമ്മിറ്റിയിലെ ഒരംഗത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിയമ വിരുദ്ധമായി വിളിച്ചു ചേർത്ത യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കോടതി പറഞ്ഞു. പാർട്ടിയിൽ പൂർണ അധികാരം പി ജെ ജോസഫിനാണെന്നാണ് കോടതി വ്യക്തമാക്കിയത്

ജോസ് കെ മാണിക്ക് തിരിച്ചടി നൽകുന്ന കോടതി വിധി ഇന്നലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ കോടതി വിധി പി ജെ ജോസഫിനെതിരാണെന്ന് പറഞ്ഞ് ജോസ് കെ മാണി രംഗത്തുവന്നിരുന്നു. കോടതി വിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും നുണ പ്രചാരണം നടത്തുകയാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ വാദം. കേരള കോൺഗ്രസ് എമ്മിനെ കേരള കോൺഗ്രസ് ജെ ആക്കാൻ അനുവദിക്കില്ലെന്നും വർക്കിംഗ് ചെയർമാന് ചെയർമാന്റെ അധികാരം ഇല്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top