Advertisement

ദൃശ്യമികവ് കൊണ്ട് വിസ്മയിപ്പിച്ച് മാമാങ്കം ട്രെയിലർ

November 2, 2019
Google News 1 minute Read

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രെയിലർ പുറത്ത്. വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വി.എഫ്. എക്‌സ് നിർവഹിച്ചിരിക്കുന്നത് എം. കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

ദേശാഭിമാനത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദം അലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also : മാമാങ്കം തമിഴിലും മമ്മൂട്ടി തന്നെ സംസാരിക്കും; വൈറലായി ഡബ്ബിംഗ് വീഡിയോ

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിന് വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. നിർമ്മാണ ചെലവ് അഞ്ച് കോടി കടന്നു. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.

Read Also : ‘ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്ച; മാമാങ്കം ടീസർ പുറത്ത്

മാമാങ്കത്തിന്റെ സെറ്റുകൾ നിർമ്മിക്കാനായി 10 ടൺ സ്റ്റീൽ, രണ്ടായിരം ക്യുബിക് മീറ്റർ തടി, തുടങ്ങിയവ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. 300 വർഷം മുമ്പത്തെ കാലഘട്ടം നിർമ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ, തുടങ്ങിയവയും ടൺ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടു നിൽക്കുന്ന അവസാന പാദ ചിത്രീകരണം പൂർണ്ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്. ഇതിനായി പ്രതിദിനം 2000 ലിറ്റർ വിളക്കെണ്ണയാണ് ഉപയോഗിച്ചത്.

Read Also : ഇങ്ങനെയാണ് ‘മാമാങ്കം’പിറന്നത്; മേക്കിംഗ് വീഡിയോ

നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തിൽ 3000 ആളുകൾ വരെ പങ്കെടുക്കുന്ന രംഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ഡസൻ കണക്കിന് ആനകളും കുതിരകളും അവസാന ഘട്ട ചിത്രീകരണത്തിൽ അണിനിരക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here