മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ലെന്ന് അഡ്മിഷൻ റദ്ദാക്കപ്പെട്ട വിദ്യാർഥിനി

മാർക്ക് ദാനത്തിലൂടെ ബിരുദം നേടാൻ ശ്രമിച്ചിട്ടില്ലെന്ന് കണ്ണൂർ സർവകലാശാലയിൽ അഡ്മിഷൻ റദ്ദാക്കപ്പെട്ട വിദ്യാർഥിനി. കേരള സർവകലാശാലയിൽ നിന്ന് തനിക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് ലഭിച്ചിട്ടില്ല. ഗ്രേസ് മാർക്കിലൂടെ ബികോം പാസാകുമെന്ന ഉറപ്പിന്മേലാണ് കണ്ണൂർ സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴ്‌സിൽ പ്രവേശനം നേടിയതെന്നും കായികതാരം കൂടിയായ ഐശ്വര്യ പറഞ്ഞു.
ബിരുദം അടിസ്ഥാന യോഗ്യതയായ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴ്‌സിൽ ബി.കോം പരാജയപ്പെട്ട ഐശ്വര്യക്ക് പ്രവേശനം നൽകിയ നടപടി കണ്ണൂർ സർവ്വകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കേരള സർവ്വകലാശാലയിൽ പഠിച്ചിരുന്ന ഐശ്വര്യയെ അനധികൃതമായി ഗ്രേസ് മാർക്ക് നൽകി ബിരുദ പരീക്ഷ വിജയിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നു എന്ന് ആരോപണം ഉയർന്നതോടെയാണ് വിശദീകരണവുമായി വിദ്യാർഥിനി തന്നെ രംഗത്ത് വന്നത്. ഹോക്കി താരമായ തനിക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് കിട്ടാത്തത് കൊണ്ടാണ് കേരള സർവകലാശാലയുടെ ബികോം പരീക്ഷയിൽ പരാജയപ്പെട്ടത്. ഗ്രേസ് മാർക്കിലൂടെ ബികോം പാസാകുമെന്ന് പ്രതീക്ഷിച്ചാണ് കണ്ണൂർ സർവകലാശാലയിൽ ബിപിഎഡ് കോഴ്സിന് പ്രവേശനം നേടിയതെന്നും ഐശ്വര്യ.
സർവകലാശാല തലത്തിലും ദേശീയ തലത്തിലും ഹോക്കിയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച തനിക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്. മാർക്ക് ദാനമെന്ന ആരോപണം തെറ്റാണ്. ഗ്രേസ് മാർക്കിനുള്ള അപേക്ഷ തള്ളിയ കേരള സർവ്വകലാശാലയുടെ തീരുമാനത്ത നിയമപരമായി നേരിടുമെന്നും ഐശ്വര്യ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here