Advertisement

ഗോൾ പോസ്റ്റിൽ കോട്ടകെട്ടി ‘ഇന്ത്യൻ സ്പൈഡർമാൻ’; ബെംഗളൂരുവിന് സമനില തന്നെ

November 3, 2019
Google News 0 minutes Read

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ ബെംഗളൂരു എഫ്സിക്ക് മൂന്നാം മത്സരത്തിലും സമനില. ജംഷഡ്പൂർ എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോളുകളൊന്നും അടിക്കാതെ ഇരു ടീമുകളും പിരിഞ്ഞു. ജംഷഡ്പൂർ ഗോൾ കീപ്പർ സുബ്രതാ പോൾ ആണ് ബെംഗളൂരുവിന് ജയം നിഷേധിച്ചത്.

സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിനാണ് ജെആർഡി ടാറ്റ കോംപ്ലക്സ് സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും ആക്രമണം മുൻനിർത്തി മനോഹരമായ കളി കാഴ്ച വെച്ചതോടെ ജംഷഡ്പൂരിൽ തീപാറി. ഇരു പകുതിയിലേക്കും മാറിമറിഞ്ഞ അവസരങ്ങൾ കൂടുതലും ഫൈനൽ തേർഡിലെത്തിച്ചത് ബെംഗളൂരു തന്നെയായിരുന്നു. റാഫേൽ അഗസ്റ്റോയും സുനിൽ ഛേത്രിയുമടങ്ങുന്ന ബെംഗളൂരു ആക്രമണ നിര പലവട്ടം ജംഷഡ്പൂർ പ്രതിരോധക്കോട്ട പൊട്ടിച്ചു. പ്രതിരോധ നിരയെ മറികടന്നെങ്കിലും ഇന്ത്യയുടെ സ്പൈഡർമാൻ സുബ്രതാ പോളിനെ മറികടക്കാൻ ബെംഗളൂരുവിനായില്ല. ഇതിനിടെ ജംഷഡ്പൂർ നടത്തിയ കൗണ്ടർ അറ്റാക്കുകൾ ലക്ഷ്യത്തിലെത്തിയതുമില്ല. ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ സുബ്രതക്കൊപ്പം ഗുർപ്രീതും കട്ടക്ക് നിന്നു. ജംഷഡ്പൂരിൻ്റെ ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഗുർപ്രീത് സുബ്രതയുടെ പിൻഗാമിയെന്ന വിശേഷണം വളരെ കൃത്യമാണെന്ന് തെളിയിച്ചു. കളി അവസാനത്തിലേക്ക് കടന്നപ്പോൾ ഇരു ടീമുകളും ജയത്തിനായി സകൽ അടവുകളും പയറ്റി. ആക്രമണ ഫുട്ബോളിൻ്റെ എക്സിബിഷൻ. പക്ഷേ, ഗോൾ പോസ്റ്റ് അനക്കമറ്റു കിടന്നു. ഇരു ടീമിലെയും ഗോൾ കീപ്പർമാർ മെനഞ്ഞെടുത്ത റിസൽട്ട്.

കളിച്ച മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങേണ്ടി വന്നു എന്നതാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിൻ്റെ ദുരവസ്ഥ. മൂന്ന് പോയിൻ്റുകളുമായി പട്ടികയിൽ ഏഴാമതാണ് അവർ. അതേ സമയം, മൂന്നു മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിൻ്റുകളുള്ള ജംഷഡ്പൂർ പട്ടികയിൽ ഒന്നാമതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here