ശബരിമല യുവതീ പ്രവേശനം; സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സുപ്രിംകോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം സാധ്യമല്ല. നിയമനിർമ്മാണം എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നു. വിധി മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also : ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
2018 സെപ്തംബർ 28നാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വരുന്നത്. 28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടമാണ് കോടതി റദ്ദാക്കിയത്. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാർ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ, ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്ര എതിർത്തു. സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരിൽ വിലക്കാനാകില്ലെന്നും പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണമെന്നും കോടതി നിരീക്ഷിച്ചു. പ്രാർഥനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും ആൾക്കൂട്ട ധാർമികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിധിയുടെ പശ്ചാത്തലത്തിൽ ജനുവരി രണ്ടിന് ശബരിമലയിൽ ബിന്ദു, കനക ദുർഗ എന്നീ യുവതികൾ കയറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here