വീണ്ടും വംശീയാധിക്ഷേപം; പന്ത് കാണികൾക്കിടയിലേക്കടിച്ച് ബലോട്ടെല്ലി: വീഡിയോ

ഫുട്ബോൾ ലോകത്തെ വംശീയാധിക്ഷേപം തുടർക്കഥയാകുന്നു. ഇറ്റാലിയൻ ലീഗായ സീരി എയിൽ നിന്നാണ് ഏറ്റവും അവസാനമായി റേസിസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സീരി എയിലെ ബ്രേഷ്യക്ക് വേണ്ടി കളിക്കുന്ന ഇറ്റാലിയൻ സ്ട്രൈക്കർ മരിയോ ബലോട്ടെല്ലിയാണ് വംശീയാധിക്ഷേപത്തിനിരയായത്. മുൻപ് പലപ്പോഴും റേസിസത്തിരയായിട്ടുള്ള താരമാണ് ബലോട്ടെല്ലി.

ഹെല്ലാസ് വെറോണക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ആതിഥേയ ടീമിൻ്റെ ആരാധകർ ബലോട്ടെല്ലിക്കെതിരെ വംശീയ അധിക്ഷേപം നിറയുന്ന ചാൻ്റുകളുമായി രംഗത്തെത്തിയത്. തുടർച്ചയായ വംശീയ അധിക്ഷേപത്തിൽ മനസ്സു മടുത്ത അദ്ദേഹം പന്ത് ദേഷ്യത്തോടെ കാണികൾക്കിടയിലേക്കടിച്ചു. തുടർന്ന് കളം വിടാൻ ശ്രമിച്ച അദ്ദേഹത്തെ ഇരു ടീമുകളിലെയും കളിക്കാർ ചേർന്ന് തടഞ്ഞ് നിർത്തുകയയിരുന്നു.

സംഭവത്തെത്തുടർന്ന് കുറച്ചു നേരം മത്സരം തടസ്സപ്പെട്ടു. ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന ഉറപ്പിനെത്തുടർന്നാണ് മത്സരം പുനരാരംഭിച്ചത്. 85ആം മിനിട്ടിൽ ബലോട്ടല്ലി തന്നെ ബ്രേഷ്യക്കായി ഗോൾ നേടിയെങ്കിലും രണ്ടിനെതിരെ ഒരു ഗോളിന് അവർ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

പോൾ പോഗ്ബ, ബെഞ്ചമിൻ മെൻഡി, റഹീം സ്റ്റെർലിങ്, റൊമേലു ലുക്കാക്കു, മെസ്യൂട്ട് തുടങ്ങിയ ഒട്ടേറെ കളിക്കാർക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top