കെപിസിസിക്ക് പുതിയ ഭാരവാഹികളുടെ പട്ടികയായി

കെപിസിസിക്ക് പുതിയ ഭാരവാഹികളുടെ പട്ടികയായി. ജംബോ കമ്മിറ്റികൾ തന്നെയാകും ഇത്തവണയും പാർട്ടിക്കുണ്ടാവുക. ഒരാൾക്ക് ഒരു പദവി എന്ന നിർദേശവും നടപ്പാവില്ല.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ചേർന്നാണ് ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. എംപിമാരും, എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എൺപതോളം പേരുൾപ്പെടുന്നതാണ് ഭാരവാഹി പട്ടിക. ഒരാൾക്ക് ഒരു പദവി എന്ന നിർദേശവും ജംബോ കമ്മിറ്റികൾ വേണ്ടെന്ന തീരുമാനവും നടപ്പിലാവില്ല എന്ന് ചുരുക്കം.
ഒരാൾക്ക് ഒരു പദവി എന്ന കെപിസിസി അധ്യക്ഷന്റെ നിലപാടിനോട് എ ഗ്രൂപ്പ് യോജിച്ചുവെങ്കിലും ഐ ഗ്രൂപ്പിന്റെ വിയോജിപ്പ് നേതൃത്വം മുഖവിലക്കെടുത്തു. ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി പട്ടികയുമായി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൈകാതെ ഡൽഹിക്ക് പോകും. ഈയാഴ്ച തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. വർക്കിംഗ് പ്രസിഡന്റുമാരെ നിലനിർത്തണോ അതോ വൈസ് പ്രസിഡന്റുമാർ മതിയോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here