മലയാള സിനിമയിൽ ജാതി വിവേചനമില്ല; അഹംഭാവം ഒഴിവാക്കിയാൽ ഈ തോന്നൽ മാറുമെന്ന് ടൊവിനോ
മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് നടൻ ടൊവിനോ തോമസ്. അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും ടൊവിനോ പറഞ്ഞു. ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു ടൊവിനോയുടെ അഭിപ്രായം.
“മലയാള സിനിമയിൽ വിവേചനമുണ്ടെന്ന പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളിൽനിന്നും മനോഭാവങ്ങളിൽനിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. പഴയ കാലമല്ല. അപകർഷതാ ബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറും.”- ടൊവീനോ പറഞ്ഞു.
മലയാള സിനിമാ മേഖല വളരെ വേഗത്തിൽ മുന്നേറുകയാണെന്നും പുതുമുഖങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കലാമൂല്യവും വിനോദമൂല്യവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഒരു സിനിമയുടെ വിജയത്തിന് ആവശ്യമാണ്. ഇതിൽ ഏതെങ്കിലും ഒന്നിൽ പിന്നാക്കം പോയാൽ സിനിമയ്ക്കു പൂർണവിജയം നേടാനാവില്ല.”- ടൊവീനോ പറഞ്ഞു.
പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ അഭിപ്രായം.
വിഷയത്തിൽ സമവായ ചർച്ച നടത്തിയ ഫെഫ്ക സംഭവം ഒത്തുതീർപ്പാക്കിയിരുന്നു. ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ അനിൽ ബിനീഷിനോട് മാപ്പ് ചോദിച്ചുവെന്നും ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, അനിൽ രാധാകൃഷ്ണൻ മേനോൻ്റെ സിനിമയിൽ ഇനി അഭിനയിക്കില്ലെന്നാണ് ബിനീഷിൻ്റെ നിലപാട്. എന്നാൽ ബിനീഷിനോടൊപ്പം സഹകരിക്കുന്നതിൽ തനിക്ക് മടിയില്ലെന്നാണ് അനിലിൻ്റെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here