വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ല: മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാളയാര്‍ സംഭവത്തില്‍ വി ടി ബല്‍റാം ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ നിരവധി തവണ ഉന്നയിച്ച വിഷയം എന്ന നിലയില്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനു ശേഷം ശൂന്യവേളയില്‍ ഉപക്ഷേപമായി വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കി.
കേസിലെ പ്രതിയുടെ സുഹൃത്തായ പ്രവീണിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ അയാള്‍ ആത്മഹത്യ ചെയ്തത് അന്വേഷിക്കണമെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു. താനും പ്രതിയാക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അനുകൂലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ട കേസാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നിട് സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. വാളയാറില്‍ നടക്കുന്നത് കൂടത്തായിയേക്കാള്‍ വലിയ കൊലപാതക പരമ്പരയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here