വാളയാർ പീഡനക്കേസ്; വീണ്ടും നിയമസഭയിൽ ഭരണ- പ്രതിപക്ഷ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

വാളയാർ പീഡനക്കേസ് നിയമസഭയിൽ വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ. പാലക്കാട് മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി.
വിടി ബൽറാം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. വാളയാർ കേസ് നിയമസഭയിൽ മുമ്പ് ചർച്ച ചെയ്തതാണെന്നും പുതിയതായൊന്നും സംഭവിച്ചിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമായിരുന്നു സ്പീക്കർ വിശദീകരണം നൽകിയത്.
Read Also: വാളയാർ പീഡനക്കേസ്; നീതി നടപ്പാക്കുമെന്ന് ഉറപ്പ് വരുത്തും :ഗവർണർ
എന്നാൽ ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്ക് കൂടുതൽ വിവരങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് പകരം ശൂന്യവേളയിൽ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി എണീറ്റു.
സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളമുണ്ടാക്കി. പ്ലക്കാർഡും ബാനറുമായി സ്പീക്കർക്ക് മുന്നിൽ പ്രതിഷേധിച്ച അംഗങ്ങൾ പിന്നീട് പ്രതിഷേധ സൂചകമായി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോക്കും നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here