ധോണി കമന്റേറ്ററാവുന്നു; ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റിൽ പുതിയ ഇന്നിംഗ്സിനു തുടക്കമാവും

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് കമൻ്റേറ്ററാകുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേനൈറ്റ് ടെസ്റ്റിൽ തൻ്റെ അടുത്ത ഇന്നിംഗ്സിനു തുടക്കമിടുമെന്നാണ് റിപ്പോർട്ട്. ധോണിയെ കമൻ്ററി ബോക്സിൽ എത്തിക്കാനുള്ള സ്റ്റാർ സ്പോർട്സിൻ്റെ പദ്ധതിക്ക് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അനുവാദം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യ ആദ്യമായി കളിക്കുന്ന ഡേനൈറ്റ് ടെസ്റ്റ് ഗംഭീരമായി ആഘോഷിക്കാനാണ് സ്റ്റാർ സ്പോർട്സിൻ്റെയും ബിസിസിഐയുടെയും ഉദ്ദേശ്യം. ഇതിനായി ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകരെയെല്ലാം ഈഡൻ ഗാർഡൻസിൽ എത്തിക്കും. ഇന്ത്യൻ ടീമിനൊപ്പം ദേശീയ ഗാനത്തിനായി ഗ്രൗണ്ടിൽ അണിനിരക്കുന്ന ഇവർ മത്സരത്തിനു ശേഷം കമൻ്ററി ബോക്സിലും സാന്നിധ്യമറിയിക്കും. നാലാം ദിവസം മുതലുള്ള ബ്രേക്ക് ടൈമുകളിൽ ക്യാപ്റ്റന്മാരുടെ ഓർമ്മകൾ അവർ തന്നെ വിവരിക്കുന്നത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
കുറച്ചു നാളായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയാണ് ധോണി. ധോണിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന റിപ്പോർട്ടുകൾ ഈ വിഷയത്തിൽ വന്നിട്ടില്ല. ടി-20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ധോണിയെ ഇനി ടീമിലെടുക്കില്ലെന്നും യുവാക്കളെയാണ് അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കുക എന്നും സെലക്ഷൻ കമ്മറ്റി പറഞ്ഞതോടെ വീണ്ടും ഇക്കാര്യത്തിൽ വ്യക്തത നഷ്ടപ്പെട്ടു. ഇതിനിടെയാണ് കമൻ്റേറ്ററായി ധോണിയെത്തുന്നത്.
നവംബർ 22നാണ് ചരിത്ര ടെസ്റ്റ് നടക്കുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാമത്തേതാണ് ഡേനൈറ്റ് ടെസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here