അയോധ്യാ വിധി: ധൃതി പിടിച്ചുള്ള പ്രതികരണം നടത്തരുത്; കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി

അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ കര്‍ശന മുന്നറിയിപ്പ്. ധൃതി പിടിച്ചുള്ള പ്രസ്താവനയോ വിവാദമാകുന്ന പ്രതികരണമോ നടത്തരുതെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രണ്ടു പക്ഷത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രതികരണങ്ങള്‍ വേണ്ടെന്നും മാതൃകാപരമായി സാഹചര്യങ്ങളെ നേരിടണമെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

പതിവ് മന്ത്രിസഭാ യോഗം ആരംഭിക്കുന്നതിനു മുമ്പായി വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം തനിക്ക് നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. അയോധ്യാ വിധി എന്തുതന്നെയാണെങ്കിലും ഇരുവിഭാഗങ്ങളുടെയും താത്പര്യത്തെ വ്രണപ്പെടുത്താത്ത പ്രസ്താവനകള്‍ മാത്രമേ നല്‍കാവൂ എന്നാണ് നിര്‍ദേശം.

Read More:അയോധ്യ കേസിലെ വിധി; ബിജെപി പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി നേതൃത്വം

താന്‍ ഇക്കാര്യത്തില്‍ പറയുന്ന അഭിപ്രായമാകും സര്‍ക്കാര്‍ നിലപാട്. പ്രസ്താവന നടത്തുന്നതിനു മുമ്പ് പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി മന്ത്രിമാര്‍ തേടിയിരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിധിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന പരിപാടികളില്‍ മന്ത്രിസഭാ അംഗങ്ങള്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രി വിലക്കി.

അയോധ്യാ വിധി എന്തുതന്നെയാണെങ്കിലും അതിനെ സങ്കീര്‍ണമാക്കുന്ന വിധം പ്രശ്‌നങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നയിക്കുംവിധമുള്ള പ്രസ്താവനകള്‍ മന്ത്രിസഭാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന പ്രധാനമന്ത്രിയുടെ താത്പര്യം വ്യക്തമാക്കുന്നതാണ് ഇടപെടല്‍.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More