പോക്‌സോ കേസുകളുടെ നടത്തിപ്പ്; മന്ത്രിമാരുടെ യോഗത്തിൽ നിന്ന് ഒഴിവാക്കിയതില്‍ എകെ ബാലന് പ്രതിഷേധം

കുട്ടികൾ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ എകെ ബാലൻ പ്രതിഷേധമറിയിച്ചു. ഫോണിൽ വിളിച്ച് പ്രതിഷേധമറിയിച്ച ബാലൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയും അയച്ചു.
വാളയാർ കേസിൽ നിയമ മന്ത്രി കൂടിയായ എകെ ബാലന്റെ ഇടപെടലിൽ മുഖ്യമന്ത്രിക്കുണ്ടായ അതൃപ്തിയാകാം യോഗത്തിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നാണ് വിലയിരുത്തൽ.
പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ നവംബർ അഞ്ചാം തിയതി ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കൂടാതെ നിയമം, പട്ടികജാതി-പട്ടികവർഗ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യസം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരും പങ്കെടുത്തു.
ധനകാര്യ മന്ത്രി തോമസ് ഐസക്ക്, ആരോഗ്യ മന്ത്രി കെകെ ഷൈലജ, വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് എന്നിവരും യോഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ യോഗം നടക്കുന്ന കാര്യം നിയമം, പട്ടികജാതി- പട്ടികവർഗ ക്ഷേമ മന്ത്രിയായ എകെ ബാലനെ അറിയിച്ചില്ല.
വാളയാർ കേസിൽ നിയമ മന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് എകെ ബാലനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here