ആഴ്ചയിൽ നാലു ദിവസം ജോലി; മൈക്രോസോഫ്റ്റിന്റെ ഉത്പാദനക്ഷമത വർധിച്ചത് 40 ശതമാനത്തോളം

ആഴ്ചയിൽ അഞ്ചു ദിവസമാണ് സാധാരണയായി ജോലി ഉണ്ടാവുക. ശനിയും ഞായറും അവധിയും ബാക്കി ദിവസങ്ങളിൽ ജോലിയും. എന്നാൽ ജപ്പാനിലെ മൈക്രോസോഫ്റ്റ് ഓഫീസിൽ ജോലിയുള്ളത് ആഴ്ചയിൽ നാലു ദിവസം മാത്രമാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പുതിയ നീക്കം മൈക്രോസോഫ്റ്റിനു നൽകിയത് 40 ശതമാനം ഉത്പാദനക്ഷമതാ വളർച്ചയാണ്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ജപ്പാനിലെ മൈക്രോസോഫ്റ്റ് ഓഫീസ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഓഫീസിലെ 2300 ജോലിക്കാർക്ക് ശമ്പളത്തിൽ യാതൊരു കുറവുമില്ലാതെ ശനിയും ഞായറും കൂടാതെ വെള്ളിയാഴ്ച കൂടി അവധി നൽകി. അഭൂതപൂർവമായ ലാഭമാണ് ഇതുവഴി കമ്പനിക്ക് ലഭിച്ചത്. വൈദ്യുതി ബില്ല് 23 ശതമാനം കുറഞ്ഞു. ഒപ്പം ഉത്പാദനക്ഷമത 40 ശതമാനത്തോളം വർധിച്ചു.
പുതിയ പരീക്ഷണം വഴി 59 ശതമാനം കുറവ് പേപ്പറുകൾ മാത്രമാണ് പ്രിൻ്റ് എടുക്കാനായി ഉപയോഗിച്ചത്. 60 മിനിട്ടുകൾ ഉണ്ടായിരുന്ന യോഗ സമയം 30 മിനിട്ടായി കുറഞ്ഞു. മുഖാമുഖങ്ങൾക്ക് പകരം ഓൺലൈൻ ചർച്ചകൾക്ക് പ്രാധാന്യം നൽകി.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി തുടരുമോ എന്ന കാര്യത്തിൽ മൈക്രോസോഫ്റ്റ് വിശദീകരണം നൽകിയിട്ടില്ല. ഇത്രയേറെ ലാഭമുണ്ടായതു കൊണ്ട് തന്നെ ഈ രീതി തുടരാനാണ് സാധ്യത.
2018ൽ ന്യൂസിലൻഡിലെ ഒരു കമ്പനിയും ഈ രീതി പരീക്ഷിച്ചിരുന്നു. അവരുടെ ഉത്പാദനക്ഷമത 20 ശതമാനമാണ് വർധിച്ചത്. പരീക്ഷണം വിജയം കണ്ടതോടെ ഇവർ രീതി തുടർന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here