മതസ്പർധ വളർത്തുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ്

അയോധ്യാവിധിയുടെ പശ്ചാത്തലത്തിൽ മതസ്പർധ വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്റർ ഇറക്കിയ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മീഡിയ സെൻ്റർ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യും. എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
നാളെ 10.30നാണ് സുപ്രീം കോടതിയുടെ ചരിത്രവിധി. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്നാഥ് ബഹ്റക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളാ അതിർത്തികളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ തിങ്കളാഴ്ച (നവംബർ 11) രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here