Advertisement

ആലപ്പുഴ നഗരത്തിലും എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10 ദിവസം പിന്നിടുന്നു

November 9, 2019
Google News 0 minutes Read

ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലുമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10 ദിവസം പിന്നിടുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള മന്ത്രിതല ചര്‍ച്ചകള്‍ പോലും ഫലം കാണാതെ വന്നതോടെ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെയാണ് കുടിവെള്ള വിതരണം നിലച്ചത്. കുടിവെള്ളം മുടങ്ങുമ്പേള്‍ മുന്‍കാലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചിരുന്നുവെങ്കിലും ഇത്തവണ മിക്കയിടങ്ങളിലും അതും ലഭിക്കുന്നില്ല.

വിഷയത്തില്‍ ബിജെപിക്കും യൂത്ത് കോണ്‍ഗ്രസിനു പിന്നാലെ ഭരണ കക്ഷിയായ സിപിഐയും സമരത്തിന് ഒരുങ്ങുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ കെടുകാര്യസ്ഥതയും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പാലരിവട്ടം പാലത്തേക്കാള്‍ വലിയ അഴിമതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ ഉണ്ടായിട്ടുള്ളതെന്നും സിപിഐ കുറ്റപ്പെടുത്തുന്നുണ്ട്.

കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മൂന്ന് ദിവസം നീളുന്ന സത്യഗ്രഹം സിപിഐ ചൊവ്വാഴ്ച ആരംഭിക്കും. അതിനിടെ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ അഞ്ച് വാട്ടര്‍ അതോറിറ്റി ഉദ്ദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തോമസ് ജോണ്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ബ്രിജേഷ് ബി , അബ്ദുല്‍ റഹീം , ഓവര്‍സിയര്‍ ജി സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here