Advertisement

അയോധ്യാവിധി ഇന്ന്

November 9, 2019
Google News 0 minutes Read

അയോധ്യതർക്കഭൂമി കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധി ഇന്ന്. രാവിലെ 10.30 നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. അവധിദിനത്തിൽ വിധി പറയാനുള്ള അപ്രതീക്ഷിത തീരുമാനം ഇന്നലെ രാത്രിയാണുണ്ടായത്. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തി അയോധ്യ അടക്കം മേഖലയിലെ സുരക്ഷ വിലയിരുത്തിയ ശേഷം വിധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

134 വർഷത്തെ നിയമയുദ്ധത്തിനാണ് സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിക്കാൻ പോകുന്നത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിലാണ് അവകാശവാദം. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോര്‍ഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം. തർക്കഭൂമിയെ മൂന്നായി പകുത്ത അലഹബാദ് ഹൈക്കോടതി വിധിയെ മൂന്ന് കക്ഷികളും ചോദ്യം ചെയ്യുന്നു. ഇവരുടെ മുഖ്യവാദവും പൊതുവാണ്. തങ്ങളുടെ വിശ്വാസപ്രകാരമുളള പ്രാര്‍ഥനയ്ക്ക് അവകാശമുണ്ട്. അതിനാൽ സ്ഥലം വിട്ടുനല്‍കണം. ഉടമസ്ഥാവകാശം വേണം.

ബാബറി മസ്ജിദിന്റെ മുഖ്യ മിനാരത്തിന്റെ തൊട്ടുതാഴെയാണ് ശ്രീരാമൻ ജനിച്ചതെന്ന് ഹിന്ദു കക്ഷികൾ വാദിക്കുമ്പോൾ വാല്‍മീകി രാമായണത്തിലും തുളസീദാസിന്‍റെ രാംചരിതമാനസിലും ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ സ്ഥലം വ്യക്തമാക്കിയിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡും വാദിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ആറിന് ആരംഭിച്ച അന്തിമവാദം നാൽപത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങൾ നടന്നുവെങ്കിലും സമവായത്തിൽ എത്തിയില്ല. രാഷ്ട്രീയ, സാമൂഹ്യമാനങ്ങൾ ഉള്ള കേസിൽ സുപ്രീംകോടതിയിൽ നിന്നു വരുന്ന ഏത് തീരുമാനവും നിർണായകമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here