കേരളത്തിൽ ഉന്നത പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥർ കള്ളന്മാരെന്ന് ജേക്കബ് തോമസ്

സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരു ഐഎഎസ് ഓഫീസറും ഐപിഎസ് ഓഫീസറും കള്ളന്മാരാണെന്ന് ജേക്കബ് തോമസ്. കള്ളനെ കാവൽ ഏൽപ്പിച്ച് വിവരങ്ങൾ തേടിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസിനെയും ക്രൈംബ്രാഞ്ച് മേധാവി ടോമിൻതച്ചങ്കരിയെയും പേരെടുത്തു പറയാതെ വീണ്ടും പരോക്ഷമായി വിമർശിക്കുകയായിരുന്നു ജേക്കബ് തോമസ്. കേരളത്തിലെ ഒരു ഉന്നത ഐഎഎസ് ഓഫീസറും ഐപിഎസ് ഓഫീസറും കള്ളന്മാരാണ്. ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകരുതെന്ന് പറഞ്ഞിട്ട് ഒരു സമുദായ നേതാവ് അന്നത്തെ മുഖ്യമന്ത്രിയെ വിളിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും രണ്ട് അഴിമതിക്കേസിൽ ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.
അട്ടപ്പാടിയിൽ ദാരിദ്ര്യം ഉള്ളിടത്താണ് മാവോയിസ്റ്റുകൾ വളരുന്നതെന്നും എല്ലാ ശരിയായിരുന്നെങ്കിൽ മാവോയിസ്റ്റുകൾ ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. വാളയാർ പീഡനക്കേസിൽ നീതി നടപ്പാക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here