ശാന്തൻപാറ റിജോഷ് വധം; പ്രതി വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

ശാന്തൻപാറ റിജോഷ് വധക്കേസിലെ പ്രതി വസീമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയിൽ മുംബൈയിൽ നിന്ന് കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഇരുവരേയും പൻവേലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര പൊലീസാണ് ഇരുവരേയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. റിജോഷിന്റെ രണ്ടര വയസുകാരിയായ മകളേയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപ് കുട്ടി മരിച്ചു.

ഒക്ടോബർ 31 മുതൽ റിജോഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വസീമിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരനായിരുന്നു റിജോഷ്. നാലാം തീയതിയോടെ വസീമിനേയും ലിജിയേയും മകൾ ജോവാനയേയും കാണാതായി. ഇത് സംശയത്തിനിടയാക്കി.

വസീമിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തുവന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹവും ഫാം ഹൗസിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വസീമിനും ലിജിക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് വിഷം കഴിച്ച നിലയിൽ ഇരുവരേയും കണ്ടെത്തിയ വിവരമെത്തുന്നത്. വസീമും ലിജിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും റിജോഷിനെ ഒഴിവാക്കാൻ വേണ്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More