സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ വില ഉയരുന്നു
പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പ്രാദേശികമായി ഔട്ട്‌ലെറ്റുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള ഡിപ്പോ മാനേജ്‌മെന്റ് കമ്മറ്റിയുടെ (ഡിഎംസി) അധികാരം എടുത്തുമാറ്റിയതാണ് സാധനങ്ങളുടെ വില ഉയരാന്‍ കാരണം.
കഴിഞ്ഞ രണ്ട് മാസമായാണ് സപ്ലൈകോയിലും സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഡിപ്പോ മാനേജ്‌മെന്റ് കമ്മറ്റികള്‍ ചേര്‍ന്ന് ഔട്ട്‌ലെറ്റുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പ്രദേശികമായി വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഡിഎംസി ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങണ്ടെന്ന സപ്ലൈകോ എംഡിയുടെ സര്‍ക്കുലര്‍ രണ്ട് മാസം മുന്‍പ് വന്നതാണ് സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായത്. വെല്ലം, റവ, മൈദ, ആട്ട, ജയ അരി, നിലക്കടല, പൊട്ടുകടല, മുത്താറി, മുതിര അടക്കം 20 ഓളം സാധനങ്ങളുടെ വിലയാണ് പൊതുവിപണിക്ക് സമാനമായി വര്‍ധിച്ചിരിക്കുന്നത്.
സര്‍ക്കുലര്‍ പ്രകാരം ഈ സാധനങ്ങളെല്ലാം സപ്ലൈകോ മേലധികാരി നേരിട്ട് കമ്പനികളുമായി ലേലം വിളിച്ച് ബ്രാന്റഡ് സാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്നാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാരെ അറിയിച്ചിരിക്കുന്നത്. വിലകൂടിയ ബ്രാന്റഡ് സാധനങ്ങള്‍ അതില്‍പറയുന്ന മാര്‍ജിന്‍ വില അനുസരിച്ചേ വില്‍പ്പന നടത്താന്‍ ഔട്ട്‌ലെറ്റുകള്‍ക്കും സാധിക്കുകയുള്ളു. ഇതോടെ ഈ സാധനങ്ങള്‍ ആവശ്യത്തിന് കിട്ടാത്തതിനുപുറമെ ഔട്ട്‌ലെറ്റുകളുടെ വരുമാനം കുറയാനുമിടയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here