എം സ്വരാജ് എംഎൽഎ ജയിലിലല്ല, പുറത്തുതന്നെയുണ്ടെന്ന് നടൻ മണികണ്ഠൻ

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിന് എം സ്വരാജ് എംഎൽഎയ്‌ക്കെതിരെ യുവമോർച്ച നേതാവ് പരാതി നൽകിയതിനെ പരോക്ഷമായി വിമർശിച്ച് നടൻ മണികണ്ഠൻ. ഫേസ്ബുക്കിലൂടെയാണ് മണികണ്ഠന്റെ പ്രതികരണം. സ്വരാജ് എംഎൽഎയെ ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽവച്ച് കണ്ടുവെന്നും ചില ഓൺലൈൻ മഞ്ഞപത്രക്കാർ പറഞ്ഞതുപോലെ അദ്ദേഹം ജയിലിലല്ലെന്നും മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചു. നാം കാണുന്നതും കേൾക്കുന്നതുമായ എല്ലാ വാർത്തകളും ശരിയല്ലെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടെന്നും മണികണ്ഠൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സ്വരാജിനെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നൽകിയത്.
സ്വരാജിന്റെ ഫേസ്ബുക്കിലെ പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്ന് പ്രകാശ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടി. ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും കത്തിച്ച് മുതലെടുക്കാനും കലാപവും സംഘർഷവും ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രകാശ് ബാബു പരാതി നൽകിയത്.
അയോധ്യ കേസിൽ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ സ്വരാജ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Read also: എം സ്വരാജ് എംഎൽഎക്കെതിരെ ഡിജിപിക്ക് യുവമോർച്ച നേതാവിന്റെ പരാതി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here