സ്പെയിനിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഫലം നാളെ പുറത്തുവരും

സ്പെയിനിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് മണിക്ക് അവസാനിക്കും. തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും.

നാല് വർഷത്തിനിടെ നാലാമത്തെ തവണയാണ് സ്പെയിനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. അധികാരത്തിലുണ്ടായിരുന്ന സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യസർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സ് 24 സീറ്റും പത്ത് ശതമാനം വോട്ടും നേടി അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് സോഷില്യസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് തിരിച്ചടിയായി.

പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവുമായ പെഡ്രോ സാഞ്ചെസ് സർക്കാർ രൂപീകരണത്തിനായി ഇടതുപക്ഷ പോഡെമോസ് പാർട്ടിയുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സമയപരിധി സെപ്റ്റംബറിൽ അവസാനിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ സാഞ്ചെസിന് സാധിച്ചില്ല. 350 അംഗ പാർലമെന്റിൽ ഇത്തവണയും ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More