തിരുവനന്തപുരത്ത് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയെ കോളജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറിനെയാണ് സിവിൽ എഞ്ചിനിയറിങ് ബ്ലോക്കിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സംഭവ ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 10.30 ഓടെയാണ് തിരുവനന്തപുരം സിഇടി യിലെ സിവിൽ എഞ്ചിനിയറിങ് ബ്ലോക്കിലെ കുളിമുറിയിൽ രതീഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച്ച മുതൽ രതീഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.രതീഷിന് നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

മാത്യസഹോദരിയുടെ ഒപ്പമായിരുന്നു രതീഷ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് രതീഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ബലപ്രയോഗം നടന്നതിന്റെ തെളിവുകളുമില്ലാത്തതിനാൽ ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനയക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top