അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി

അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്. ശബരിമല കേസിൽ കടുത്ത നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഢ് അയോദ്ധ്യ കേസിൽ സ്വീകരിച്ച നിലപാട് നിർണായകമാണെന്നും കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ.കുമാർ വ്യക്തമാക്കി.
ഭരണഘടനയ്ക്കും നിയമത്തിനും ഒപ്പം വിശ്വാസത്തിന് കൂടി പ്രാധാന്യം ഉണ്ടെന്ന് തെളിയിക്കുന്നതാണ് അയോദ്ധ്യ വിധി. വിശ്വാസം അംഗീകരിക്കപ്പെടണമെന്ന് അയോദ്ധ്യ വിധിയിൽ പറയുന്നുണ്ട്. ദേവന്റെ നിയമപരമായ അവകാശങ്ങളെയും അയോദ്ധ്യ കേസ് ശരിവയ്ക്കുന്നു. ശബരിമലയിൽ തങ്ങൾ വാദിച്ചതും എന്നാൽ, കോടതി കേൾക്കാതെ പോയതും ഇതാണ്. പുതിയ സാഹചര്യത്തിൽ അയോദ്ധ്യ കേസിലെ നിരീക്ഷണങ്ങൾ ശബരിമലയ്ക്കും ബാധകമാകുമെന്ന് എസ്‌ജെ.ആർ.കുമാർ പറഞ്ഞു.
ശബരിമല കേസിൽ കടുത്ത നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഢും അയോദ്ധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ അംഗമായിരുന്നു. അയോദ്ധ്യ വിധിയിൽ അദ്ദേഹം വിയോജിച്ചിട്ടുമില്ല. ഇത് ശബരിമലക്കേസിൽ നിർണായകമാകും. കഴിഞ്ഞ തവണത്തേത് പോലെ സർക്കാരും പ്രകോപനത്തിന് നിൽക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും നിലവിൽ സമരപരിപാടികൾ നിശ്ചയിച്ചിട്ടില്ലെന്നും എസ്.ജെ.ആർ.കുമാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here