വയനാട് ദുരഭിമാനക്കൊല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

വയനാട് നീർവ്വാരം ദുരഭിമാനക്കൊലയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ട്വന്റിഫോർ വാർത്തയെതുടർന്നാണ് സ്വമേധയാ കേസെടുത്തത്. വയനാട് ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും 30 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

2016 ജൂൺ 6നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബിനെ സുഹൃത്ത് ബന്ധുവീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്ക് അപകടത്തിൽപ്പെട്ടെന്നും കോഴിക്കോടേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകണമെന്നുമുളള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സ തുടരവേ 16ാം ദിവസം അബിൻ മരണപ്പെട്ടു. പേര്യവരയാലിലെ പെൺകുട്ടിയുമായുണ്ടായിരുന്ന അടുപ്പമാണ് മകനെ മരണത്തിലേക്ക് തളളിവിട്ടതെന്നാണ് അബിന്റെ പിതാവ് കരുതുന്നത്. മരിക്കുന്നതിന് തൊട്ടുമുൻപ് സുഹൃത്ത് തന്നെ ചതിച്ചെന്ന് സഹോദരിയോട് അബിൻ പറഞ്ഞെങ്കിലും ഇക്കാര്യം പൊലീസ് മുഖവിലക്കെടുത്തില്ലെന്നാണ് സഹോദരിയും വ്യക്തമാക്കുന്നത്.

Read Also : വയനാട് യുവാവിന്റെ അപകടമരണം ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ; പൊലീസ് കേസ് ഒതുക്കി തീർത്തെന്ന് ആരോപണം

സഹോദരിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ തലകാണില്ലെന്ന് അബിനെ യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അബിൻ വഴങ്ങാതിരുന്നതോടെ സുഹൃത്തിന്റെ സഹായത്തോടെ അപകടത്തിൽപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ഒന്നടങ്കം വിശ്വസിക്കുന്നത്.യുവതിയുടെ കുടുംബത്തിന് അന്ന് പൊലീസിൽ ഉണ്ടായിരുന്ന അടുത്ത ബന്ധം ഉപയോഗിച്ച് കേസ് അപകടമരണമാക്കി തീർത്തെന്നാണ് അബിന്റെ ബന്ധുക്കൾ വിശ്വസിക്കുന്നത്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യമാണ് ബന്ധുക്കൾക്കുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top