തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ നാളെയറിയാം
തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയര്‍ ആരെന്ന് നാളെയറിയാം. മേയര്‍ സ്ഥാനത്തേക്ക് നാളെ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ അംഗബലത്തിന്റെ കണക്കില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ ശ്രീകുമാര്‍ മേയറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി വിജയിച്ചതോടെയാണ് പുതിയ മേയറെ തലസ്ഥാന നഗരത്തിന് കണ്ടെത്തേണ്ടി വന്നത്. നൂറംഗ നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. ഇടതു മുന്നണി 43, ബിജെപി 35, യുഡിഎഫ് 21 ,സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവും സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകുമാറാണ് മേയര്‍ സ്ഥാനത്തേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥി. ചാക്ക വാര്‍ഡിനെയാണ് ശ്രീകുമാര്‍ പ്രതിനിധീകരിക്കുന്നത്
യുഡിഎഫ് പിന്തുണ ലക്ഷ്യമിട്ട് പൊതു സമ്മതനെയോ സ്വതന്ത്ര ചിഹ്നത്തില്‍ ജയിച്ചവരേയോ മേയര്‍ സ്ഥാനത്തേക്ക് പിന്തുണക്കാമെന്നായിരുന്നു ചര്‍ച്ചകളുടെ തുടക്കത്തില്‍ ബിജെപി നിലപാട്. ഇത് സാധ്യമാകാതെ വന്നതോടെ നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി.
കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ സ്മാര്‍ട് സിറ്റി അടക്കം നിരവധി വികസന പദ്ധതികളുടെ പൂര്‍ത്തീകരണവും കേവല ഭൂരിപക്ഷമില്ലെന്ന വെല്ലുവിളിയുമാണ് തലസ്ഥാനത്ത് പുതിയ മേയറെ കാത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here