ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടുകുലഞ്ഞി പാറച്ചന്തയിലാണ് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ(72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ആറരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ രണ്ടുപേരെയും പുറത്ത് കാണാത്തതിൽ സംശയം തോന്നിയ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.

ലില്ലിയുടെ മൃതദേഹം അടുക്കളയിലും ചെറിയാന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടത്. ചെറിയാന്റെയും ലില്ലിയുടേയും മക്കൾ വിദേശത്തായതിനാൽ ഇരുവരും മാത്രമാണ് ആഞ്ഞിലിമൂട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ വീടിന് സമീപം താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളെ വെൺമണി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇവർ ഇവിടെ ജോലിക്കെത്തിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസും മൺവെട്ടിയും വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More