ജയിലിലെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി വ്യാജ ബോംബ് ഭീഷണി; സ്വയം അറസ്റ്റ് വരിച്ച് യുവാവ്

ജയിലിലെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി സ്വയം അറസ്റ്റ് വരിച്ച് യുവാവ്. വ്യാജ ബോംബ് ഭീഷണി മുഴക്കിയാണ് യുവാവ് അറസ്റ്റ് വരിച്ചത്. തമിഴ്നാട് സ്വദേശിയായ ആർ സന്തോഷ് കുമാറാണ് പട്ടിണി കിടന്ന് വലഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു കടും കൈ ചെയ്തത്. രണ്ട് തവണ വിവാഹം കഴിച്ച സന്തോഷിനെ രണ്ട് ഭാര്യമാരും ഉപേക്ഷിച്ചിരുന്നു. ഉണ്ടായിരുന്ന ജോലി കടുത്ത മാനസിക വിഷമം ഉണ്ടാക്കിയപ്പോൾ രാജി വെച്ചു. താമസിയാതെ ഇയാൾ തെരുവിലുമായി. തുടർന്നായിരുന്നു ഈ വിദ്യ.
നവംബർ ഒന്നിനായിരുന്നു സംഭവം. വൈകിട്ട് അഞ്ചു മണിക്ക് ചെന്നൈയിലെ റെയിൽവേ പൊലീസ് കണ്ട്രോൾ റൂമിലേക്ക് ഒരു കോൾ വന്നു. ‘ഇബ്രാഹിം’ എന്ന് പരിചയപ്പെടുത്തിയ കോളർ ഈറോഡ് സ്റ്റേഷനിൽ ഒരു ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അത് ഇപ്പോൾ പൊട്ടുമെന്നും അറിയിച്ചു. അല്പ സമയത്തിനു ശേഷം ഈറോഡ് ബസ്റ്റ് സ്റ്റാൻഡിൽ മറ്റൊരു ബോംബ് കൂടി വെച്ചിട്ടുണ്ടെന്നറിയിച്ചു കൊണ്ടുള്ള കോൾ കൂടി കണ്ട്രോൾ റൂമിലേക്ക് വന്നു.
ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് സന്ദേശങ്ങൾ രണ്ടും വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ വ്യാജ ഫോൺ സന്ദേശത്തിൻ്റെ ഉറവിടം തിരഞ്ഞു പോയ മറ്റൊരു പൊലീസ് സംഘം മൊബൈൽ നമ്പറിൻ്റെ വിലാസം കണ്ടെത്തി. കരുങ്കല്പാളയത്തിലുള്ള എം ശിവകുമാർ എന്നയാളുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തിയ പൊലീസ് ശിവകുമാറിനെ ചോദ്യം ചെയ്തു. എന്നാൽ ആ സിം കാർഡ് തൻ്റെ അളിയൻ ലിംഗരാജിനു നൽകിയെന്ന് ശിവകുമാർ വെളിപ്പെടുത്തി. ലിംഗരാജിനെ ചോദ്യം ചെയ്തപ്പോൾ മൊബൈൽ ഫോൺ രണ്ട് ദിവസങ്ങൾക്കു മുൻപ് മോഷണം പോയെന്നു വ്യക്തമായി. വീണ്ടും അന്വേഷണം തുടരുന്നതിനിടെ, പിറ്റേന്ന് രാവിലെ 2 മണിക്ക് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുന്ന ഒരാളെ പൊലീസ് കണ്ടെത്തി.
ആളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ആർ സന്തോഷ് കുമാർ എന്നാണ് തൻ്റെ പേരെന്നും വീട് മേട്ടുപ്പാളയത്താണെന്നും അയാൾ പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ട്രോൾ റൂമിലേക്കുള്ള കോൾ വിവരങ്ങൾ കണ്ടെത്തി. തുടർന്നാണ് അയാൾ പൊലീസിനോട് മനസ്സു തുറന്നത്.
രണ്ട് വട്ടം വിവാഹം കഴിച്ചുവെങ്കിലും രണ്ട് ഭാര്യമാരും തന്നെ ഉപേക്ഷിച്ചുവെന്ന് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തി. മേട്ടുപ്പാളയത്തിലെ ഒരു തടിമില്ലിലായിരുന്നു ജോലി. ആ ജോലി ഇഷ്ടമല്ലായിരുന്നതു കൊണ്ട് തന്നെ സന്തോഷ് കുമാർ കടുത്ത വിഷാദത്തിലായിരുന്നു. ഒക്ടോബർ 31ന് ജോലി വിട്ട അയാൾ ഈറോഡിലേക്ക് വന്നു. കിടക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ വലഞ്ഞ അയാൾ കണ്ടെത്തിയ മാർഗമായിരുന്നു ജയിലിൽ പോവുക. അവിടെ സൗജന്യ ഭക്ഷണവും താമസവും ലഭിക്കുമല്ലോ. തുടർന്ന് ലിംഗരാജിൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച സന്തോഷ് വ്യാജ ഫോൺ കോളുകൾ ചെയ്യുകയായിരുന്നു. എന്തായാലും സന്തോഷ് കുമാറിൻ്റെ പദ്ധതി ഫലിച്ചു, ആളിപ്പോൾ ജയിലിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here