Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി; മണിപ്പൂരിനെ തോൽപിച്ച് കേരളത്തിനു രണ്ടാം ജയം

November 12, 2019
Google News 1 minute Read

സയ്യിദ് മുഷ്താഖ് അലി ടി-20 പരമ്പരയിൽ കേരളത്തിനു രണ്ടാം ജയം. മണിപ്പൂരിനെ തോൽപിച്ചാണ് കേരളം തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം കുറിച്ചത്. 75 റൺസിൻ്റെ കൂറ്റൻ ജയമാണ് കേരളം മണിപ്പൂരിനെതിരെ കുറിച്ചത്. 149 റൺസെടുത്ത കേരളത്തിനു മറുപടിയായി 74 റൺസെടുക്കാനേ മണിപ്പൂരിനായുള്ളൂ. കേരളത്തിനായി സച്ചിൻ ബേബി 48 റൺസെടുത്ത് ടോപ്പ് സ്കോററായി. വെറും അഞ്ച് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എസ് മിധുൻ ആണ് മണിപ്പൂരിനെ തകർത്തത്.

പൊന്നം രാഹുലിനു പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയാണ് കേരളം മണിപ്പൂരിനെതിരെ അണിനിരന്നത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നന്നായി പന്തെറിഞ്ഞ മണിപ്പൂർ ബൗളർമാർ അഞ്ചാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തി. 16 പന്തുകളിൽ 10 റൺസെടുത്ത രോഹനാണ് ആദ്യം പുറത്തായത്. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു 14 പന്തുകളിൽ 12 റൺസെടുത്ത് പവലിയനിലേക്ക് മടങ്ങി. 10ആം ഓവറിൽ 25 റൺസെടുത്ത വിഷ്ണു വിനോദ് കൂടി പുറത്തായതോടെ കേരളം പതറി. 20 പന്തുകളിൽ നിന്നായിരുന്നു വിഷ്ണുവിൻ്റെ ഇന്നിംഗ്സ്.

നാലാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ സച്ചിൻ ബേബിയും നായകൻ റോബിൻ ഉത്തപ്പയും ക്രീസിൽ ഒത്തുചേർന്നു. ഇരുവരും ചേർന്ന 65 റൺസ് കൂട്ടുകെട്ടാണ് കേരളത്തിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 35 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം 48 റൺസെടുത്ത സച്ചിൻ ബേബി 18ആം ഓവറിലാണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ സച്ചിനു പിന്തുണ നൽകിയ ഉത്തപ്പയും മടങ്ങി. 24 പന്തുകളിൽ 29 റൺസെടുത്താണ് ഉത്തപ്പ പുറത്തായത്. ആ ഓവറിൽ തന്നെ ജലജ് സക്സേനയും (4) ബേസിൽ തമ്പിയും (0) പുറത്ത്. അവസാന ഓവറിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ (15), എസ് മിധുൻ (0) എന്നിവർ കൂടി പുറത്തായി.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും മണിപ്പൂരിന് കേരളത്തിനെ പരീക്ഷിക്കാനായില്ല. കൃത്യതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ അവരെ വരിഞ്ഞു മുറുക്കി. എൻ ജോൺസൺ സിംഗ് (27) ആണ് അവരുടെ ടോപ്പ് സ്കോറർ. ജോൺസണൊപ്പം മറ്റു രണ്ട് താരങ്ങൾ മാത്രമേ ഇരട്ടയക്കം കണ്ടുള്ളൂ. നാലോവറിൽ വെറും അഞ്ച് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എസ് മിധുൻ ആണ് കേരളത്തിനു കൂറ്റൻ ജയം സമ്മാനിച്ചത്. ജലജ് സക്സേന, സച്ചിൻ ബേബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്ത് മണിപ്പൂർ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി കേരളം ഗ്രൂപ്പ് ബിയിൽ നാലാമതെത്തി. 14ന് ടേബിളിൽ ഒന്നാമതുള്ള വിദർഭക്കെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here