Advertisement

 മഹാരാഷ്ട്രയിലെ നടക്കാതെ പോയ കൂട്ടുകെട്ടുകൾ; പാർട്ടികളുടെ ആശങ്കകൾ

November 12, 2019
Google News 0 minutes Read

ബിജെപിയും ശിവസേനയും എൻസിപിയും തോറ്റ് പിന്മാറിയതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. ഗവർണറുടെ ശുപാർശ അംഗീകരിച്ച് ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു. 356ാം വകുപ്പ് പ്രയോഗിച്ചാണ് രാഷ്ട്രപതിയുടെ നടപടി. ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ തുടർന്നാണ് നീക്കം. ഇനി രാഷ്ട്രപതിക്ക് വേണ്ടി സംസ്ഥാനം ഭരിക്കുന്നത് ഗവർണറായിരിക്കും.

പിന്തുണ പ്രഖ്യാപിക്കുന്ന സമയത്ത് പാർട്ടികൾക്കിടയിൽ ഉടലെടുത്ത വഴക്കുകളാണ് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കിയത്. ബിജെപി, ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ തീരുമാനങ്ങൾ വിഭിന്നമായി തന്നെ അവശേഷിക്കുകയാണ്.

പാളിപ്പോയ ബിജെപി നീക്കം

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയാണ് ആദ്യം സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. 288 അംഗ നിയമസഭയിൽ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്. മുഖ്യമന്ത്രിപദത്തിലടക്കം ശിവസേനയുമായി യോജിപ്പിലെത്താൻ സാധിക്കാത്തത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായി. 56 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്.

ഭരണത്തിൽ ഒരേ അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നുമുള്ള ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിച്ചിരുന്നില്ല. ഇതാണ് മഹാ സഖ്യം നിലവിൽ വരാതെ പോയതിന്റെ ഏറ്റവും വലിയ കാരണവും. മറ്റ് പാർട്ടികളുമായി ആശയപരമായ യോജിപ്പ് പാർട്ടിക്കില്ല.

ശിവസേനക്ക് കനത്ത തിരിത്ത തിരിച്ചടി

എൻസിപിയുടെയും കോൺഗ്രസിന്റെയും വില പേശലും പാർട്ടിയിൽ പിളർപ്പുണ്ടാകുമോ എന്ന ആശങ്കയുമാണ് ശിവസേനയെ സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്നോട്ട് വലിച്ചത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ശിവസേനക്ക് കനത്ത തിരിത്ത തിരിച്ചടിയാണ്. കോൺഗ്രസിനോടൊപ്പം ചേർന്നാൽ ഹിന്ദുത്വ വോട്ടുകൾ ചോരുമോ എന്ന ഭയവും ശിവസേനക്കുണ്ട്.

പക്ഷെ എൻസിപിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര മന്ത്രി സഭാ അംഗത്വം ശിവസേന ഒഴിവാക്കിയത്. ശിവസേന നേതാവ് അരവിന്ദ് സാവന്താണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുണ്ടാക്കുമെന്ന സൂചനകൾ നിലനിൽക്കെയായിരുന്നു സാവന്തിന്റെ രാജി. സർക്കാർ രൂപീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശിവസേന ഈ നീക്കം നടത്തിയത്.

എൻസിപിയും കോൺഗ്രസ് നേതാക്കളുമായി അവസാനവട്ട ചർച്ചകളിലേക്ക് സേന കടന്നിരുന്നു. എന്നാൽ ഈ പദ്ധതി ഫലവത്തായില്ല.
ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നാണ് ആവശ്യം. പക്ഷെ ശിവസേനയുടെ ഹർജി ഇന്ന് പരിഗണിക്കില്ല.

കോൺഗ്രസിന്റെ ആശങ്ക

ശിവസേനയുമായുള്ള ബന്ധം പാർട്ടിയെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. എ കെ ആന്റണിയും സോണിയാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ശിവസേനയുമായ സഖ്യത്തിൽ എതിർപ്പായിരുന്നു. നേതാക്കൾ അത് പ്രകടിപ്പിച്ചു. ആശയപരമായ അടിസ്ഥാന ഭിന്നതയാണ് ഇവർ ചൂണ്ടിക്കാട്ടിയത്.

കൂടാതെ ഈ കൂട്ട്‌കെട്ട് മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയായേക്കാം എന്നും പാർട്ടി നേതൃത്വം ഭയക്കുന്നു. പാളിപ്പോയ കർണാടക പരീക്ഷണത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് കോൺഗ്രസ് നീക്കം. ശരത് പവാറിലേക്ക് അധികാരം കേന്ദ്രീകരിക്കുമോ എന്ന പേടിയും കോൺഗ്രസിനുണ്ട്.

എൻസിപിയുടെ പ്രതീക്ഷ

സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് സമയമുണ്ടെന്നാണ് എൻസിപിയുടെ വാദം. സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തിന് രാത്രി 8.30 മണിക്ക് മുമ്പായി എൻസിപി ഔദ്യോഗികമായി മറുപടി നൽകും. എൻസിപി, ശിവസേനാ നിയമസഭാ കക്ഷി യോഗങ്ങൾ ഇന്ന് ചേർന്നിരുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കൾ ശരത് പവാറിനെ മുംബൈയിൽ കാണുന്നുണ്ട്.

ഇനി ആറ് മാസം മഹാരാഷ്ട്രയില്‍  രാഷ്ട്രപതി ഭരണമായിരിക്കും. ഇതിനിടയ്‌ക്കോ ശേഷമോ ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞെങ്കിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ അവസരം നൽകും. സർക്കാർ ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ നിയമ സഭാ തെരഞ്ഞെടുപ്പായിരിക്കും അടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here