മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; തങ്ങൾക്ക് ധൃതിയില്ലെന്ന് ശരത് പവാർ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ധൃതിയില്ലെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ശരത് പവാർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശരത് പവാറിന്റെ പ്രതികരണം.
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ശരത് പവാറിനൊപ്പം ഉണ്ടായിരുന്നു. സർക്കാരുണ്ടാക്കാൻ ബിജെപിക്കും ശിവസേനയ്ക്കും എൻസിപിക്കും ക്ഷണം കിട്ടിയതായി അഹമ്മദ് പട്ടേൽ പറഞ്ഞു. കോൺഗ്രസിന് ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്നതായും അഹമ്മദ് പട്ടേൽ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെയാണ് ശരത് പവാർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത്. അതിനിടെ രാഷ്ട്രപതി ഭരണത്തിൽ ഗവർണറെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഗവർണർ ഭഗത് സിംഗ് കോഷിയാരി ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here