‘സ്ത്രീകൾ-ഒരു നൂറ്റാണ്ടിന്റെ മാറ്റം’; നാഷണൽ ജ്യോഗ്രഫിക് മാഗസിനിൽ പ്രത്യക്ഷപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെ പോരാട്ടം നടത്തിയ അഞ്ചു കന്യാസ്ത്രീകൾക്ക് ആദരവുമായി നാഷണൽ ജോഗ്രഫിക് മാഗസിൻ. കന്യാസ്ത്രീകളുടെ ചിത്രവും പേരുമടക്കം മാഗസിൻ പ്രസിദ്ധീകരിച്ചു. ഒരു കുറിപ്പിനൊപ്പമാണ് ചിത്രം മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്. ‘സ്ത്രീകൾ-ഒരു നൂറ്റാണ്ടിൻ്റെ മാറ്റം’ എന്ന പംക്തിയിലാണ് ഇവരെപ്പറ്റിയുള്ള കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്.
സിസ്റ്റര്‍ ആല്‍ഫി, നിനാ റോസ്, ആന്‍സിറ്റ, അനുപമ, ജോസഫൈന്‍ എന്നിവർ ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് മാഗസിനിലുള്ളത്. “പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും നിശബ്ദരായിരിക്കണമെന്നും മേലധികാരികള്‍ അവർക്കു മേൽ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ അവർ അത് നിരസിച്ചു. തന്നെ ഒരു ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രി സഭാ നേതാക്കളോടു പരാതിപ്പെട്ടു. പക്ഷേ, ഒന്നുമുണ്ടായില്ല. ഇതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ അഞ്ചു കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പ്രതിഷേധിച്ച് ഹൈക്കോടതിയുടെ സമീപം സത്യാഗ്രഹം ഇരുന്നു. രണ്ടാഴ്ചക്കു ശേഷം താൻ നിരപരധിയാണെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ബിഷപ്പ് അറസ്റ്റിലായി. ഇവർക്ക് പിന്തുണ നൽകുന്നതിനു പകരം പ്രതിമാസ അലവൻസ് വെട്ടിക്കുറക്കുകയാണ് സഭ ചെയ്തത്.” ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.
എന്നാൽ ബിഷപ്പ് ഫ്രാങ്കോയുടെ പേര് മാഗസിനിൽ പരാമർശിക്കുന്നില്ല. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച പിങ്ക് പൊലീസിനെപ്പറ്റിയും മാഗസിനിൽ വിവരണമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here