Advertisement

ശബരിമല; പ്രധാന വാദമുഖങ്ങൾ

November 13, 2019
Google News 1 minute Read

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ നിർണായകമായ വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ഇതിന്റെ പശ്ചാത്തലത്തിൽ കേസിലെ പ്രധാന വാദമുഖങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1) ബിന്ദു,കനകദുർഗ, ഹാപ്പി ടു ബ്ലീഡ് സംഘടന-മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്

ശബരിമലയിലെ അടിസ്ഥാനവിഷം ലിംഗവിവേചനമാണ്. ആർത്തവമുളള സ്ത്രീകളിൽ അശുദ്ധി ആരോപിക്കുന്നു. യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മയ്ക്ക് സമാനമാണ്. യുവതികളുടെ ബന്ധുക്കൾക്ക് നേരേ ആക്രമണശ്രമവും ഭീഷണിയുമുണ്ടായി. യുവതികൾക്ക് നേരേ വധഭീഷണിയുണ്ടായി.

2) തിരുവിതാംക്കൂർ ദേവസ്വം ബോർഡ്-മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി

വിധിയെ മാനിക്കുന്നുവെന്ന് ദേവസ്വം ബോർഡ്. യുവതിപ്രവേശനത്തെ ആദ്യം എതിർത്ത ബോർഡ് നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു. വിധിയെ മാനിക്കാനാണ് പുതിയ ബോർഡ് തീരുമാനിച്ചതെന്നായിരുന്നു മറുപടി. ഒരു വിഷയത്തിൽ രണ്ട് നിലപാടെടുത്തു എന്നത് പുന:പരിശോധനക്ക് മതിയായ കാരണമല്ലെന്നും ബോർഡ്. തുല്യത നിഷേധിക്കേണ്ടതില്ല. തുല്യതയ്ക്ക് എതിരായ ഏത് ആചാരങ്ങൾക്കും ഭരണഘടനാ സംരക്ഷണം നൽകേണ്ടതില്ല. ആർത്തവമില്ലാതെ മനുഷ്യകുലമില്ല. ജൈവപരമായ സവിശേഷത. മതത്തിൻറെ അടിസ്ഥാനവും സമത്വമാണ്. യുവതികൾക്ക് പ്രവേശനം വിലക്കുന്നത് ഭരണഘടന ഉറപ്പുനൽകിയിട്ടുളള തുല്യനീതിയുടെ ലംഘനം.

3) സംസ്ഥാന സർക്കാർ- ജയ്ദീപ് ഗുപ്ത

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ശബരിമലയിലേത് മതപരമായി ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടാകും. ആചാരം പ്രത്യേകമായി പരിഗണിച്ചാൽ ഓരോന്നും പ്രത്യേക വിശ്വാസി സമൂഹമെന്ന് കണക്കാക്കേണ്ടിവരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വിധി കാരണം സമൂഹത്തിലെ സമാധാനം തകരുന്നുവെന്ന വാദം പുന:പരിശോധനക്കുളള കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രം. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ തന്ത്രി ശ്രമിക്കുന്നു. അയ്യപ്പന്മാർ പ്രത്യേക വിഭാഗമല്ല. പ്രാർഥനയ്ക്കുളള വ്യക്തിയുടെ അവകാശം ലംഘിക്കപ്പെട്ടാൽ ഭരണഘടനയുടെ അനുച്ഛേദം 25 ആണ് ലംഘിക്കപ്പെടുന്നത്. മാതൃനിയമത്തിൻറെ ലംഘനമാണ് റൂൾ 3 (ബി). പ്രത്യേക വിഭാഗത്തിനല്ല, ആർക്കു വേണമെങ്കിലും ശബരിമലയിൽ ദർശനം നടത്താം.

4) എൻ.എസ്.എസ്-മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ

ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങൾക്ക് ബാധകമല്ല. ഭരണഘടനയുടെ 15-ാം അനുച്ഛേദം വഴി എല്ലാവർക്കും തുറന്നുകൊടുത്തത് മതസ്ഥാപനങ്ങളല്ല, മറിച്ച് മതേതര സ്ഥാപനങ്ങളാണ്. ഭരണഘടനയിലെ 15, 17, 25 അനുച്ഛേദങ്ങൾ വിലയിരുത്തുന്നതിൽ സുപ്രീംകോടിക്ക് പിഴച്ചു. ശബരിമലയിലെ നിയന്ത്രണം തൊട്ടുകൂടായ്മയുടെ പരിധിയിൽ വരുന്നതല്ല. മതവിശ്വാസത്തെ യുക്തിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനാകില്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്. പക്ഷേ ഭരണഘടനയിൽ അത് നിർവചിച്ചിട്ടില്ല. വിധി മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുളള ഭരണഘടനാ അവകാശത്തിന് എതിര്. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളായി കണക്കാക്കാൻ കഴിയില്ല. ശബരിമലയിൽ ജാതി വിവേചനമില്ല. വയസ് പ്രകാരമുളള നിയന്ത്രണം.

5) ശബരിമല തന്ത്രി കണ്ഠര് രാജീവര്-മുതിർന്ന അഭിഭാഷകൻ വി. ഗിരി

എൻ.എസ്.എസ് നിലപാടുകളോട് യോജിച്ചു. ഭരണഘടനാ പ്രകാരം വ്യക്തികൾക്കുള്ള ആരാധനാ സ്വാതന്ത്ര്യം പ്രതിഷ്ഠയുടെ പ്രത്യേകതകളുമായും യോജിച്ച്പോകണം. യുവതികളെ വിലക്കുന്നത് അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാൻ. ക്ഷേത്ര ആചാരങ്ങളിൽ തന്ത്രിയുടെ വാക്കാണ് അന്തിമം. പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസിയുടെയും പ്രതിഷ്ഠയുടെയും അവകാശങ്ങൾ പരസ്പര പൂരകമാണ്.

6) പ്രയാർ ഗോപാലകൃഷ്ണൻ-മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി

വിശ്വാസത്തിലെ പല കാര്യങ്ങളും യുക്തിരഹിതമായിരിക്കും. അതെല്ലാം ഭരണഘടനാ ധാർമികത വെച്ച് പരിശോധിക്കരുത്. ശബരിമലയിലേത് ‘സയൻസ് മ്യൂസിയ’മല്ല, ക്ഷേത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതികളെ വിലക്കുന്നത് പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ചാണ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇത്തരത്തിൽ ഭാവമുളള ഒരേയൊരു ക്ഷേത്രമാണ് ശബരിമല. ഇക്കാര്യം ഇന്ദു മൽഹോത്രയും ഡി.വൈ. ചന്ദ്രചൂഡും മാത്രമാണ് വിധിയിൽ വ്യക്തമാക്കിയത്.

7) ബ്രാഹ്മണ സഭ: മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്‌ഡേ

യുവതിപ്രവേശനം ഒരു മതത്തിന്റെ ആഭ്യന്തരകാര്യം. കോടതി നടപടിക്ക് വിധേയമാക്കേണ്ട കാര്യമല്ല. മതമെന്ന് പറയുന്നത് വിശ്വാസത്തിൻറെ അടിസ്ഥാനത്തിലുളളതാണ്. ദൈവമുണ്ടോയെന്ന് പോലും ആർക്കും അറിയില്ല. ദൈവത്തെ പോലെ ഒന്നുമില്ലെന്ന് ഹോക്കിങ് വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്ക് അവകാശമില്ല. കേരളത്തിലെ ക്രമസമാധാനപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here