കൊതുകു ശല്യം അസഹനീയമായി; ഭാര്യ ഭർത്താവിനെ ഉലക്ക കൊണ്ട് തല്ലി പരിക്കേല്പിച്ചു

കൊതുകു ശല്യം സഹിക്കാൻ കഴിയാതെ മകളുടെ സഹായത്തോടെ ഭാര്യ ഭർത്താവിനെ ഉലക്ക കൊണ്ട് തല്ലിയതായി പരാതി. ഗുജറാത്തിലെ നരോദയിൽ ബുധനാഴ്ചയയായിരുന്നു സംഭവം. 40കാരൻ ഭൂപേന്ദ്രയെയാണ് അമ്മയും മകളും ചേർന്ന് തല്ലിയത്. അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

എൽഇഡി ലൈറ്റുകൾ വില്പന നടത്തിയാണ് ഭൂപേന്ദ്ര കുടുംബം പോറ്റിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കച്ചവടം തീരെ കുറഞ്ഞതു കൊണ്ട് വരുമാനത്തിൽ ഇടിവു നേരിട്ടു. കഴിഞ്ഞ രണ്ട് മാസമായി വൈദ്യുതി ബിൽ അടക്കാൻ കഴിയാതെ വന്നതോടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഭൂപേന്ദ്രയും ഭാര്യ സംഗീതയും (36), മകൾ ചിതലും (20) ഉറങ്ങാൻ കിടന്നു. ബുധനാഴ്ച പുലർച്ചെ തന്നെ കൊതുക് കടിക്കുന്നുവെന്നും സഹിക്കാൻ കഴിയുന്നില്ലെന്നും സംഗീത ഭൂപേന്ദ്രയോട് പരാതിപ്പെട്ടു. വൈദ്യുതി ഇല്ലാത്തതു കൊണ്ട് തന്നെ ഫാനിടാൻ സാധിക്കുന്നില്ലെന്നും സംഗീത പറഞ്ഞു. ഇതിനു മറുപടിയായി കട്ടിലിൽ തന്നോടൊപ്പം വന്നു കിടന്നാൽ സുഖമായി ഉറങ്ങാമെന്ന് തമാശരൂപേണ ഭൂപേന്ദ്ര പറഞ്ഞു.

ഭർത്താവിൻ്റെ മറുപടി ഇഷ്ടപ്പെടാതിരുന്ന സംഗീത അടുക്കളയിലേക്കു ചെന്ന് ഉലക്ക എടുത്ത് മർദ്ദിക്കുകയായിരുന്നു. ഭൂപേന്ദ്രയുടെ തലയിലാരുന്നു മർദ്ദനം. അമ്മ തല്ലുന്നതു കണ്ട മകളും ഒപ്പം കൂടി. അടി സഹിക്കാൻ കഴിയാതെ ഭൂപേന്ദ്ര നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിവന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വലത്തേ കണ്ണിനു മുകളിലായി ഏഴ് സ്റ്റിച്ചുകളാണ് ഭൂപേന്ദ്രക്ക് വേണ്ടി വന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top