ഹർത്താലിന്റെ മറവിൽ സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ പത്ത് വർഷം വരെ തടവ്; നിയമസഭ ബിൽ പാസാക്കി

ഹർത്താലിൻ്റെ മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റം. ഇതിനായുള്ള ബിൽ നിയമസഭ പാസാക്കി. 2019ലെ കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലാണ് നിയമസഭ പാസാക്കിയത്.
മന്ത്രി എകെ ബാലനാണ് ബിൽ അവതരിപ്പിച്ചത്. പൊതുസ്വത്ത് നശിപ്പിച്ചാൽ കടുത്ത ശിക്ഷ നൽകുന്ന കേന്ദ്രനിയമത്തിൻ്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമനിർമ്മാണം നടത്തിയത്. സ്വകാര്യ സ്വത്തിനു നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തിക്ക് അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കും. തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാൽ കുറഞ്ഞത് ഒരു വർഷവും കൂടിയാൽ പത്തു വർഷം വരെയും തടവുശിക്ഷ ലഭിക്കാം.
ഹർത്താൽ, ബന്ദ്, ഘോഷയാത്ര, മാർച്ച്, പ്രകടനം, വർഗീയ ലഹള, റോഡ് ഗതാഗതം തടയൽ എന്നിങ്ങനെ ഏതു വിധത്തിലുള്ള സംഘം ചേരലും നിയമത്തിൻ്റെ പരിധിയിൽ വരും. ജാമ്യമില്ലാ കുറ്റമായിട്ടാവും കേസ് രജിസ്റ്റർ ചെയ്യുക. ചെറിയ നാശനഷ്ടങ്ങൾക്ക് ശിക്ഷയിൽ ഇളവു നൽകണമെന്ന് പ്രതിപക്ഷം പറഞ്ഞുവെങ്കിലും നാശനഷ്റ്റത്തിലുപരി അതിനു പിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും അതിന് ഇളവ് അനുവദിക്കാനാവില്ലെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here