ശബരിമല കോടതി വിധിയിൽ ആശയക്കുഴപ്പമുള്ളതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എൻ വാസു

ശബരിമല കോടതി വിധിയിൽ ആശയക്കുഴപ്പമുണ്ടെന്നും ഇതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എൻ വാസു. ശബരിമലയിൽ പോകുന്ന സ്ത്രീകളെ തടയാൻ ബോർഡിനു കഴിയില്ല. ബോർഡ് മുൻകൈയെടുത്ത് സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി അഡ്വ.എൻ വാസുവും ബോർഡ് അംഗമായി കെഎസ് രവിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിനുശേഷം നടന്ന ബോർഡ് യോഗത്തിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി ചർച്ചയ്ക്കു വന്നു. ഉത്തരവിൽ ആശയക്കുഴപ്പമുണ്ടെന്നും അതിനാൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും എൻ വാസു പറഞ്ഞു.
ശബരിമലയിലെ ക്രമസമാധാന പാലനം പൊലീസിനാണ്. ബോർഡിനു ഇതിൽ ഒരു പങ്കുമില്ലെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ശബരിമലയിൽ പോകുന്ന സ്ത്രീകളെ തടയാൻ ബോർഡിനു കഴിയില്ല. സ്ത്രീകളെ ബോർഡ് മുൻകൈയെടുത്ത് ശബരിമലയിൽ കൊണ്ടു പോകില്ല. രഹസ്യമായും പരസ്യമായും ഇതിന് ബോർഡ് തയാറല്ല.
സ്ത്രീ പ്രവേശനം തടഞ്ഞു പമ്പയിൽ ബോർഡ്‌വയ്ക്കാൻ ഇപ്പോൾ കഴിയില്ല. നമ്മുടെ സൗകര്യം പോലെ കോടതി വിധിയെ വ്യാഖ്യാനിക്കാൻ കഴിയില്ല. ശബരിമലയിൽ യുവതികളല്ല അക്രമം നടത്തിയത്. തേങ്ങകൊണ്ട് തലയ്ക്കെറിഞ്ഞതും പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയിൽ കയറിയതും അക്രമികളാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here