ഡൽഹിയിൽ വായുമലിനീകരണം തടയാൻ ഡൽഹി സർക്കാരും സമീപ സംസ്ഥാനങ്ങളിലെ സർക്കാരും പരാജയപ്പെട്ടെന്ന് സുപ്രിംകോടതി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. കാറ്റില്ലാത്തതും മൂടൽ മഞ്ഞ് വ്യാപിക്കുന്നതുമാണു വായു മലിനീകരണം രൂക്ഷമാകാൻ കാരണം. അതേസമയം മലിനീകരണം തടയാൻ ഡൽഹി സർക്കാരും സമീപ സംസ്ഥാനങ്ങളിലെ സർക്കാരും പരാജയപ്പെട്ടെന്ന് വിലയിരുത്തിയ സുപ്രിം കോടതി ചീഫ് സെക്രട്ടറിമാരോട് ഹാജരാകാൻ നിർദേശിച്ചു.
വായുനിലവാര സൂചിക ഇന്നലെ 400 ആയിരുന്നെങ്കിൽ ഇന്ന് അത് ശരാശരി 450 ന് മുകളിൽ രേഖപ്പെടുത്തി. സ്‌കൂളുകൾ അവധിയിൽ തുടരുകയാണ്. പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യത്തിൽ ആശങ്കയിലാണ്. ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, നോയിഡ, ന്യൂഡൽഹി എന്നീ സ്ഥലങ്ങളിലാണ് ഇന്ന് വായുമലിനീകരണം അതീവ രൂക്ഷമെന്നു രേഖപ്പെടുത്തിയത്. വിഷയം പരിഗണിച്ച സുപ്രിം കോടതി ഒറ്റ ഇരട്ട വാഹന നിയന്ത്രണം പരിഹാരമല്ലെന്ന് വിലയിരുത്തി. മലിനീകരണം തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, യു.പി ചീഫ് സെക്രട്ടറിമാർ വീണ്ടും നവംബർ 29 ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവും ഉയർന്നു.
ചെറുതായി കാറ്റു വീശുന്നതിനാൽ സ്ഥിതി കുറച്ചു മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു കാലാവസ്ഥാ വിഭാഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here